3 ദിവസം ലഹരി നിലനിൽക്കും, വിശപ്പ് അനുഭവപ്പെടില്ല, ഓടാൻ ഇരട്ടി കരുത്ത്; വിനീത് കഴിച്ചിരുന്നത്

kollam-vineeth-arrested.jpg.image.845.440
SHARE

വാഹന മോഷണവും വഴിയാത്രക്കാരെ കത്തി കാട്ടി കൊള്ളയടിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് എടത്വ ചങ്ങങ്കേരി ലക്ഷം വീട്ടിൽ വി. വിനീതിനെ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. കൊല്ലം. മജിസ്ട്രേട്ട് കോടതി – 2 ആണ് പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ടു ഉത്തരവായത്. പ്രതിയെ ചോദ്യം ചെയ്തു തുടങ്ങി.

എസ്ബിഐ ജംക്‌ഷനിൽ യാത്രക്കാരനെ കത്തികാട്ടി പണം കവരാൻ ശ്രമിച്ചിരുന്നു. മത്സ്യം എടുക്കാൻ പോയ ബൈക്കു യാത്രക്കാരനെയാണു ഭീഷണിപ്പെടുത്തിയത്. വാഹനം പെട്ടെന്ന് ഓടിച്ചു യാത്രക്കാരൻ രക്ഷപ്പെടുകയായിരുന്നു. ആണ്ടാമുക്കം, കോട്ടമുക്ക് എന്നിവിടങ്ങളിൽ നിന്നു ബൈക്കുകളാണ് മോഷ്ടിച്ചത്. വ്യാഴം പുലർച്ചെ കടപ്പാക്കടയിൽ നിന്നു പൊലീസും നാട്ടുകാരും ചേർന്നു അതിസാഹസികമായാണ് വനീതിനെ പിടികൂടിയത്.

മനോദൗർബല്യമുള്ളവർക്കു നൽകുന്ന ഗുളികകൾ  കഴിച്ചാണു വാഹന മോഷണവും കവർച്ചയും നടത്തുന്നതെന്നു വടിവാൾ വിനീത് പൊലീസിനോടു പറഞ്ഞു. കടപ്പാക്കടയിൽ പൊലീസും നാട്ടുകാരും ചേർന്നു പിടികൂടിയ രാത്രി 3 ഗുളിക കഴിച്ചിരുന്നു. ഗുളിക നാക്കിന്റെ അടിയിലാണ് ഇടുന്നത്. 3 ദിവസത്തോളം ഇതിന്റെ ലഹരി നിലനിൽക്കും. ക്ഷീണവും ഉറക്കവും വിശപ്പും അനുഭവപ്പെടില്ല. ഓടാനും ചാടാനും ഇരട്ടി കരുത്തു ലഭിക്കും. ഓടി രക്ഷപ്പെടുന്നത് ഈ കരുത്തിലാണ്. ലഹരി തലയ്ക്കു പിടിക്കുമ്പോഴാണു കത്തി കാട്ടി കവർച്ച നടത്തുന്നത്. 

മനോരോഗ വിദഗ്ധന്റെ കുറിപ്പടി ഇല്ലാതെ ഈ ഗുളിക ലഭിക്കില്ല. ബെംഗളൂരുവിൽ പോയി കരിഞ്ചന്തയിൽ നിന്നു 25 ഗുളികകൾ അടുത്തിടെ വാങ്ങിയിരുന്നു. ഈ ഗുളികയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൊല്ലത്തു നിന്നു ബൈക്കു മോഷ്ടിച്ചു തിരുവനന്തപുരത്തു  പോയ ശേഷം  അവിടെനിന്നു ബസിലാണു ബെംഗളൂരുവിൽ പോയത്. തിരിച്ചു വന്ന ശേഷം ബൈക്കുമായി  കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ പൊലീസ് പരിശോധന  നടക്കുന്നുണ്ടായിരുന്നു. ബൈക്ക് ഉപേക്ഷിച്ച ശേഷം അവിടെ നിന്നു വാൻ മോഷ്ടിച്ചു കടന്നു.    

ഭാര്യ ഷിൻസിയുമായി തമിഴ്നാട്ടിലേക്കു പോയ വടിവാൾ വിനീത് കന്യാകുമാരി ജില്ലയിലെ രാജാവൂർ എന്ന സ്ഥലത്ത് ഇഷ്ടിക കമ്പനിയിൽ 6 ദിവസം ചെയ്തു. ഡിസംബർ  7 മുതൽ 12 വരെയാണ് ഇവിടെ ജോലി ചെയ്തത്. ഇതിനിടയിൽ കൂട്ടാളികളായ കണ്ണൂർ സ്വദേശി എസ്. മിഷേൽ, ശ്യാം, വിഷ്ണുദേവ് എന്നിവർ അവിടെയെത്തി. 4 പേരും ചേർന്നു കത്തി കാണിച്ചു 3 പേരിൽ നിന്നു പണം കവർന്നു. ഇതോടെ രാജാവൂരിൽ തങ്ങാൻ കഴിയാതെയായി.  തുടർന്നു കേരളത്തിലേക്കു മടങ്ങി. പാരിപ്പള്ളിയിൽ നിന്നു വാൻ കവർന്നു എറണാകുളത്ത് എത്തിയപ്പോഴാണ് അവിടെ  പൊലീസ് പിടിയിലായത്. വാൻ മോഷണ കേസിൽ ആണ് ഷിൻസി റിമാൻ‌ഡിൽ കഴിയുന്നത്. കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടാണു കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വ്യാപകമായി കവർച്ച നടത്തിയത്. 

ഒരാഴ്ച മുൻപും കവർച്ച

ഒരാഴ്ച മുൻപു പാരിപ്പള്ളി നടയ്ക്കലിൽ കാർ യാത്രക്കാരനെ കത്തികാട്ടി കവർച്ച നടത്താൻ ശ്രമിച്ചെന്നു വിനീത് വെളിപ്പെടുത്തി.  കാർ യാത്രക്കാരൻ വാഹനം ഓടിച്ചു രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരനെ പൊലീസ് കണ്ടെത്തി. മിക്കപ്പോഴും വാഹനത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് വിനീതിന്റെ രീതി. ലക്ഷ്യമില്ലാതെയുള്ള യാത്രയ്ക്കിടയിലാണ് കവർച്ച. ഒരേ വാഹനം സ്ഥിരമായി ഉപയോഗിക്കില്ല. മോഷ്ടിക്കുന്ന വാഹനം ഉപേക്ഷിക്കുന്ന സ്ഥലത്തു നിന്നു മറ്റൊരു വാഹനം കവർന്നു രക്ഷപ്പെടുകയാണു രീതി. 

വയസ്സ് 23, വിവാഹം രണ്ട്

വടിവാൾ വിനീതിന്റെ രണ്ടാമത്തെ ഭാര്യയാണ് കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഷിൻസി (19) എന്നു പൊലീസ്. ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. എടത്വയിൽ വിനീതിന്റെ വീടിനു സമീപത്തു നിന്നായിരുന്നു ആദ്യ വിവാഹം . അവർ ഉപേക്ഷിച്ചുപോയി. തുടർന്നു ഷിൻസിയെ പ്രണയിച്ചു ജീവിതപങ്കാളി ആക്കുകയായിരുനു.

MORE IN Kuttapathram
SHOW MORE
Loading...
Loading...