ശുഭരാത്രി പറഞ്ഞ് മുറിയിലേക്ക്; ആരുമറിയാതെ വീടുവിടും; പിന്നെ ലഹരിയും കവർച്ചയും

child-crime-calicut
SHARE

കവര്‍ച്ചയിലും ലഹരികടത്തിലും കുട്ടികളുടെ പങ്കാളിത്തം കൂടുന്നതില്‍ ആശങ്കയെന്ന് പൊലീസ്. പതിനാലിനും പതിനേഴിനുമിടയില്‍ പ്രായമുള്ള നാല് കുട്ടികളാണ് ഒരാഴ്ചയ്ക്കിടെ വന്‍ കവര്‍ച്ചാ കേസില്‍ കോഴിക്കോട് നഗരത്തില്‍ പിടിയിലായത്. ലഹരികടത്തിനും ലൈംഗിക ചൂഷണത്തിനും കുട്ടികളെ മറയാക്കുന്നതായും പൊലീസ് പറയുന്നു. ശുഭരാത്രി പറഞ്ഞ് മുറിയിലേക്ക് പോകുന്ന കുരുന്നുകള്‍ പുലരും വരെ വീട്ടിനുള്ളില്‍ത്തന്നെയാണോ എന്ന് രക്ഷിതാക്കള്‍ ഓരോരുത്തരും പരിശോധിക്കേണ്ട സാഹചര്യം. കോഴിക്കോട് നഗരത്തില്‍ അടുത്തിടെ പൊലീസ് കണ്ടെത്തിയ ചില വസ്തുതകള്‍ ആശങ്ക നിറയ്ക്കുന്നതാണ്.

പന്നിയങ്കര, ടൗണ്‍ സ്റ്റേഷനുകളിലായി മൂന്ന് ദിവസത്തെ വ്യത്യാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളാണുള്ളത്. ഇവരില്‍ രണ്ടുപേര്‍ പന്ത്രണ്ടിലധികം കവര്‍ച്ചയില്‍ മുതിര്‍ന്നവര്‍ക്കൊപ്പം പങ്കാളികളായി. പതിനെട്ട് തികഞ്ഞിട്ടില്ലെങ്കിലും കവര്‍ച്ചാ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ഇവര്‍ അത്ര നിസാരക്കാരല്ല. കവര്‍ച്ചയില്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ തന്ത്രങ്ങള്‍ പരീക്ഷിച്ചത് കുട്ടികളാണ്. പിടിയിലായ കുട്ടികളില്‍ പലരുടെയും രക്ഷിതാക്കള്‍ക്ക് രാത്രികാലങ്ങളില്‍ ഇവര്‍ വീടു വിട്ടിറങ്ങുന്ന കാര്യം അറിയില്ല. ആഡംബര വാഹനങ്ങളില്‍ സഞ്ചരിക്കുക, ഇഷ്ട ഇടങ്ങളിലേക്ക് യാത്ര പോകുക, ലഹരി നുണയുക തുടങ്ങി കൗമാരക്കാരുടെ കൗതുകങ്ങള്‍ ഏറെയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പതിവ് കവര്‍ച്ചക്കാര്‍ പലരും കുട്ടികളെ ബോധപൂര്‍വം ഉപയോഗപ്പെടുത്തുന്നുവെന്നാണ് വിലയിരുത്തല്‍. 

കുട്ടിസംഘത്തിന്റെ നേതൃത്വത്തില്‍ കൂടുതലും ഇരുചക്രവാഹനങ്ങളാണ് കവര്‍ന്നത്. ജയില്‍വാസം അനുഭവിച്ചിട്ടുള്ള കുറ്റവാളികള്‍ പോലും കുട്ടികളെ മറയാക്കി കവര്‍ച്ച ആസൂത്രണം ചെയ്യുന്നുണ്ട്. കണ്ണിചേര്‍ക്കുന്നവരെ ലഹരികടത്തിനും ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കവര്‍ച്ചയിലും പൊലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട് കുട്ടിയായതിനാല്‍ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചയാള്‍പോലും അടുത്തിടെ കവര്‍ച്ചാക്കേസില്‍ വീണ്ടും പിടിയിലായിട്ടുണ്ട്. ഇത് ഏറെ ഗൗരവമുള്ളതെന്നാണ് വിലയിരുത്തല്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...