ഓൺലൈന്‍ വഴി യുവതിയുടെ പണം തട്ടി; ബംഗാൾ സ്വദേശി അറസ്റ്റിൽ

chengannur-online-cheating-
SHARE

ചെങ്ങന്നൂർ സ്വദേശിനിയായ യുവതിയിൽ നിന്നും ഓണലൈന്‍ വഴി പണം തട്ടിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ ബിപ്ലവ്‌ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനയ്യായിരം രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്. നിരവധി ആളുകളിൽ നിന്നായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം 34 ലക്ഷം രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായി.

ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. നാപ്‌റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രതി ബിപ്ലവ്‌ ഘോഷിന്റെ തട്ടിപ്പ്. അഞ്ചരലക്ഷം രൂപ സമ്മാനം അടിച്ചതായി  കഴിഞ്ഞ ഫെബ്രുവരി പതിനാറിന് യുവതിയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചു. തുടർന്ന് സമ്മാനം ലഭിക്കണമെങ്കില്‍ 5600 രൂപാ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു. യുവതി പ്രസ്തുത തുക അടച്ചു കഴിഞ്ഞപ്പോള്‍ പതിനായിരം രൂപാ കൂടി  വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഈ പണം  അയക്കാൻ യുവതി ബാങ്ക് ശാഖയില്‍ ചെന്നപ്പോള്‍ സംശയം തോന്നിയ ബാങ്ക് അധികൃതർ ബാങ്ക് വിജിലൻസിനെ വിവരമറിയിച്ചു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇയാളെ കൂടാതെ മറ്റ് മൂന്ന് പേരും കൂടി തട്ടിപ്പ് സംഘത്തില്‍ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE