ആഡംബരക്കാറിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്, ഒരാള്‍ അറസ്റ്റില്‍

luxury-car-ht
SHARE

കൊല്ലത്ത് അഭ്യാസപ്രകടനത്തിനിടെ ആഡംബരക്കാറിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാഹനമോടിച്ചിരുന്ന ചങ്ങനാശേരി സ്വദേശിയും ഡോക്ടറുമായ ഉണ്ണികൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. അതേ സമയം കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതി വിലയിരുത്തി.

കൊല്ലം ബിഷപ് ജെറോം എൻജിനീയറിങ് കോളജില്‍ നടന്ന മോട്ടോര്‍ എക്സ്പോയ്ക്കിടെ കഴിഞ്ഞ ബുധനാഴ്ച്ചയാണ് അപകടമുണ്ടായത്. അഭ്യാസപ്രകടത്തിനിടെ ആഡംബരക്കാര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു. അനുമതി വാങ്ങാതെ അഭ്യാസപ്രകടനം നടത്തിയതിനും അപകടകരമായി വാഹനം ഓടിച്ചതിനും കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയ എടുത്ത കേസിലാണ് ഒരാെള അറസ്റ്റു ചെയ്തത്. 

വാഹനമോടിച്ചിരുന്ന ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കോളജിലെ വിദ്യാര്‍ഥിയായ ബന്ധു പറഞ്ഞിട്ടാണ് ക്യാംപസിലെത്തിയതെന്നാണ് ഉണ്ണികൃഷ്ണന്റെ മൊഴി. അതേസമയം അപകടത്തെപ്പറ്റി കോളജ് മാനേജ്മെന്റോ പരുക്കേറ്റവരോ ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാന്‍ കൊല്ലം ബിഷപ് ജെറോം എൻജിനീയറിങ് കോളജ് പ്രിന്‍സിപ്പലിന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസിന്റെ അന്വേഷണ പുരോഗതി കൊല്ലം ഈസ്റ്റ് പൊലീസിനോട് ആരാ‍ഞ്ഞു. അപകടത്തില്‍ പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയില്‍ തുടരുകയാണ്.

MORE IN Kuttapathram
SHOW MORE