30 കോടിയുടെ ലഹരിവേട്ട; എക്സൈസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങൾക്ക് വധഭീഷണി

Thumb Image
SHARE

കൊച്ചിയിൽ മുപ്പതുകോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ എക്സൈസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങൾക്ക് വധഭീഷണി. വിദേശത്തുനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. അതിനിടെ ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളികളാണ് ലഹരി കടത്തിന് പിന്നിലെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ‌ ലഹരിമരുന്ന് കടത്തുന്നവർക്ക് പണം കൈമാറുന്ന ഇടനിലക്കാരനുവേണ്ടി അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ചു. 

എക്സ്റ്റസി എന്നറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത്താംഫിറ്റമിൻ എന്ന ലഹരിമരുന്ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്കു കടത്തുന്ന സംഘത്തിലെ കണ്ണികൾക്കായി അന്വേഷണം ഊർജിതമാക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തിനെതിരെ വധഭീഷണി ഉയരുന്നത്. കേരളത്തിലെ എക്സ്റ്റസി കടത്തു സംഘത്തെ നിയന്ത്രിക്കുന്ന ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഭായി എന്നു വിളിക്കപ്പെടുന്ന പശ്ചിമകൊച്ചിക്കാരനാണ് കുവൈത്തിൽ നിന്ന് ലഹരിമരുന്ന് കടത്തു സംഘത്തെ നിയന്ത്രിക്കുന്നത്. ലഹരികടത്തിൽ പങ്കാളികളാകുന്നവര്‍ക്ക് പ്രതിഫലം നൽകുന്നത് ദുബായി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബോസ് എന്നറിയപ്പെടുന്നയാളാണെന്നും കഴിഞ്ഞദിവസം നെടുമ്പാശേരിയിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നു വ്യക്തമായി. അഫ്ഗാനിസ്ഥാനിൽ നിന്ന് ലഹരിമരുന്ന് കശ്മീരിലെത്തിക്കാൻ തീവ്രവാദികളെ ഉപയോഗിക്കുന്നതും ദുബായിലുള്ള ബോസ് വഴിയാണ്. ഭായിക്കും ബോസിനും ഐ.എസ്.ബന്ധമുണ്ടെന്ന സൂചനയും സ്പെഷൽ സ്ക്വാഡിന് ലഭിച്ചിട്ടുണ്ട്. 

കേരളം വഴി കുവൈത്തിലെത്തിക്കുന്ന എക്സ്റ്റസി ഭീകരവാദികൾക്ക് വിതരണം ചെയ്യാനാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. ലഹരികടത്തിന് ഭീകര സംഘടനകൾക്കും ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളും കേസ് പരിശോധിക്കുന്നുണ്ട്. ലഹരിമരുന്ന് കടത്തിൽ പങ്കാളിയാകുന്നവർക്ക് ബെംഗളൂരുവിലെ ഇടനിലക്കാരൻ വഴിയാണ് പണം കൈമാറുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാൾക്കായി അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. മുപ്പത് കോടിയിലേറെ വിലവരുന്ന അഞ്ചു കിലോ എക്സ്റ്റസി പാലക്കാട് നിന്ന് നെടുമ്പാശേരിയിലെത്തിച്ച മണ്ണാർക്കാട് സ്വദേശികളായ അബ്ദുൽ സലാമിന്റേയും ഫൈസലിന്റേയും അറസ്റ്റിന്റെ പശ്ചാത്തലത്തിൽ, ലഹരികടത്തു സംഘം മറ്റൊരു ഡീൽ മരവിപ്പിച്ചതായും എക്സൈസിനു വിവരം ലഭിച്ചു. സലാമിനേയും ഫൈസലിനേയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരികടത്തു സംഘത്തിലെ കണ്ണികളെ കുടുക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

MORE IN LOCAL CORRESPONDENT
SHOW MORE