ഗള്‍ഫിലുള്ള മകന് ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

lottery-cheating
SHARE

ഗള്‍ഫിലുള്ള മകന് അവിടെ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് മാതാപിതാക്കളില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ തിരുവല്ലയില്‍ അറസ്റ്റില്‍. വയോധികര്‍ക്ക് ഒപ്പമെത്തിയ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പ്രതികള്‍ സമാനമായ തട്ടിപ്പ് മുന്‍പും നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

തിരുവല്ലയ്ക്കടുത്ത് ഓതറ സ്വദേശികളായ ഗോപാലകൃഷ്ണനെയും, ഭാര്യയും പറ്റിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് തിരുവനന്തപുരം തുമ്പ സ്വദേശി കിഷോര്‍ വേലപ്പന്‍ , കടകംപള്ളി സ്വദേശി സതീശന്‍ എന്നിവര്‍ പിടിയിലായത്. ഗോപാലകൃഷ്ണന്‍റെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ അനില്‍കുമാറിന് ഏഴു ലക്ഷം രൂപ ലോട്ടറിയടിച്ചെന്ന് ഫോണില്‍വിളിച്ചാണ് പ്രതികള്‍ മാതാപിതാക്കളെ അറിയിച്ചത്. പണം കിട്ടണമെങ്കില്‍ ആദ്യം അന്‍പതിനായിരം രൂപയുടെ ടോക്കണെടുക്കണമെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പരിസരത്ത് ഇവരെത്തി. പണം കണ്ടെത്താനാകാതിരുന്നതിനാല്‍ സ്വര്‍ണമാലയുമായാണ് ഗോപാലകൃഷ്ണനെത്തിയത്.

ഗോപാലകൃഷ്ണനൊപ്പം ഇളയ മകനും രണ്ട് ബന്ധുക്കളുമുണ്ടായിരുന്നു. പണമിടപാടില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഇരുവരെയും പൊലീസില്‍ ഏല്‍പിച്ചു. പ്രതികള്‍ സമാനമായ തട്ടിപ്പ് മുന്‍പും നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

MORE IN LOCAL CORRESPONDENT
SHOW MORE