മ്ലാവിനെ വേട്ടയാടിയ നാലംഗ നായാട്ട് സംഘം പിടിയിൽ

haunters-arrested
SHARE

ഇടുക്കി വള്ളക്കടവില്‍ മ്ലാവിനെ വേട്ടയാടിയ നാലംഗ നായാട്ട് സംഘം വനംവകുപ്പിന്‍റെ പിടിയിലായി. ആവശ്യകാര്‍ക്ക് ഇറച്ചി എത്തിച്ചുകൊടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ വനംവകുപ്പ് പിടികൂടിയത്.  പ്രതികളില്‍ നിന്ന് 15 കിലോ മ്ലാവിറച്ചിയും ഇറച്ചികടത്താന്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു.  

വണ്ടിപ്പെരിയാർ വള്ളക്കടവ് പാറയ്ക്കൽ വീട്ടിൽ ഷാജി, സൈമൺ, ചെറുതലയ്ക്കൽ സോമൻ പിള്ള , പരുന്തുംപാറയിൽ നിഷാന്ത് എന്നിവരെയാണ് വനപാലകർ പിടികൂടിയത്. ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ശിൽപ വി.കുമാറിന് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഷാജിയുടെ വീട്ടിലാണ് വനപാലകര്‍ ആദ്യം പരിശോധനയ്ക്കെത്തിയത്. പാചകം ചെയ്ത മ്ലാവിറച്ചിയും വില്‍പനയ്ക്കായി സജ്ജമാക്കിയ ഇറച്ചിയും ഇവിടെ നിന്ന് പിടിച്ചെടുത്തു. തുടര്‍ന്ന് ഷാജിയെ ചോദ്യം ചെയ്തതോടെയാണ് നായാട്ട് സംഘത്തിലെ മറ്റു അംഗങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. മറ്റു പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയില്‍ ശേഷിക്കുന്ന ഇറച്ചിയും കണ്ടെത്തി. 

വഞ്ചിവയൽ സർക്കാർ സ്കൂളിനു സമീപത്തെ പരുത്തിപ്പാറയിൽ സോമൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയിൽ കമ്പിയിൽ കുരുക്കുണ്ടാക്കിയാണ് മ്ലാവിനെ പിടികൂടിയത്. ഇവിടെ വെച്ചു തന്നെ ഇറച്ചി കഷണങ്ങളാക്കി ഓട്ടോറിക്ഷയിലും, ഇരുചക്രവാഹനത്തിലും ഷാജിയുടെ വീട്ടിലെത്തിച്ച് മറ്റുള്ളവർക്ക് വിതരണം ചെയ്തത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെ മ്ലാവിന്റെ പ്രായവും, തൂക്കവും അറിയാൻ കഴിയൂ. മ്ലാവിന്‍റെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്താനായില്ല. കൂടുതല്‍ പേര്‍ നായാട്ട് സംഘത്തിലുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.  പ്രദേശം കേന്ദ്രീകരിച്ചു മൃഗവേട്ട നടക്കുന്നതായി വനം വകുപ്പിന്‍റെ രഹസ്യ അന്വേഷണ വിഭാഗം റിപ്പോർട്ട് നല്‍കിയിരുന്നു. 

MORE IN LOCAL CORRESPONDENT
SHOW MORE