ഏഴു വയസുകാരനെ ശ്വാസംമുട്ടിച്ച് കൊന്ന് 37 ദിവസം പെട്ടിയിലടച്ചു; യുവാവ് അറസ്റ്റിൽ

ashish-murder
SHARE

ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു. ഏഴു വയസുകാരനെ ക്രൂരമായി കൊന്നത് അന്വേഷണത്തിനു സജീവമായി ഇറങ്ങിയ യുവാവ് തന്നെ. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സ്വരൂപ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഏഴു വയസുകാരനായ ആശിഷ് സെയ്നിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ അവധേശ് സാക്യ (27) എന്ന യുവാവ് അറസ്റ്റിലായി

സംഭവം ഇങ്ങനെ

കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് കരൺ സെയ്നിയുടെ വാടകവീട്ടിൽ മൂന്നു വർഷം മുൻപ് അവധേശ് താമസിച്ചിരുന്നു. ഇയാളുമായി കരൺ അടുത്ത ബന്ധം പുലർത്തിയത് കുട്ടിയുടെ അമ്മയ്ക്കു ഇഷ്ടമില്ലായിരുന്നു. ചില അസ്വാരസ്യങ്ങളെത്തുടർന്ന് അവധേശ് താമസം മാറിയെങ്കിലും കരണുമായി അടുത്ത ബന്ധം തുടർന്നു. ജനുവരി ഏഴിന് സൈക്കിൾ വാങ്ങിത്തരമാമെന്നു പറഞ്ഞ് ആശിഷിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസിനു മൊഴി നൽകി. പെട്ടിയിലടച്ച മൃതദേഹം കട്ടിലിനരികിലാണ് സൂക്ഷിച്ചിരുന്നത്. കുട്ടി ജീവനോടെയുണ്ടെന്നു പറഞ്ഞ് പണം തട്ടാനായിരുന്നു പദ്ധതി. 

എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല. പരിസരങ്ങളിലെ സിസിടിവി ക്യാമറകൾ മൃതദേഹം ഉപേക്ഷിക്കുന്നതിനു തടസമായി. ഇതിനിടെ മൃതദേഹം ജീർണിച്ച് ദുർഗന്ധം വമിക്കാൻ തുടങ്ങി. അയൽവാസികൾ ചോദിച്ചപ്പോൾ എലി ചത്തതായിരിക്കുമെന്നു അവധേശ് പറഞ്ഞു. വിശ്വാസം വരാനായി എലിയെ കൊല്ലുന്നത് പതിവാക്കുകയും ചെയ്തു. 

കുട്ടിയ്ക്കായി പൊലീസും അയൽവാസികളും തിരച്ചിൽ  ഊർജിതമാക്കിയിരുന്നു. തുമ്പൊന്നും കിട്ടിയില്ല. അവധേശും തിരച്ചിലിൽ പങ്കെടുത്തിരുന്നു. 

അപ്പോഴാണ് നിർണായകമായ ഒരു തെളിവ് ആശിഷിന്റെ സഹോദരിയിൽ നിന്നും ലഭിച്ചത്. അവധേശിന്റെ വീട്ടിലേക്കു ആശിഷ് പോകുന്നത് കണ്ടെന്നായിരുന്നു സഹോദരി അമ്മ നീലത്തോടു പറഞ്ഞത്. സംശയം തോന്നിയ നീലം പൊലീസിനോടു ഇക്കാര്യം പറയുകയും അവധേശിന്റെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. തുടർന്നാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച പൊലീസ് കണ്ടത്. പെട്ടിയിലടച്ച നിലയിലായിരുന്നു മൃതദേഹം. 

താമസിയാതെ അവധേശിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളോടുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നു പ്രതി പൊലീസിനോടു പറഞ്ഞു. പണം തട്ടിയെടുത്ത ആഡംബര വാഹനം വാങ്ങുകയായിരുന്നു ലക്ഷ്യം.  സിബിഐയിലും ആദായനികുതി വകുപ്പിലും ഉദ്യോഗസ്ഥനാണെന്നാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പറഞ്ഞിട്ടുള്ളത്. 

MORE IN LOCAL CORRESPONDENT
SHOW MORE