ഗണേഷിന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി

munnar-postumartum
SHARE

മൂന്നാറില്‍ ഒരു വർഷം മുൻപ് മരിച്ച തോട്ടം തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. എല്ലപ്പെട്ടി എസ്റ്റേറ്റിലെ താമസക്കാരനായ ഗണേഷിന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഗണേഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മൂന്നാര്‍ പൊലീസിന്‍റെ നടപടി. 

2016 ഡിസംബര്‍ ആറിനാണ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ താമസക്കാരനായ ഗണേശിനെ തേയിലഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മറ്റു ജീവനക്കാരുടെ സഹായത്തോടെ കമ്പനി ആശുപത്രിയിലെത്തിച്ച ഗണേശിന്‍റെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ടു. 

വലിയതോതില്‍ പണം ചെലവാകുമെന്ന് ചൂണ്ടികാട്ടി ജീവനക്കാരില്‍ ചിലര്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് തടഞ്ഞു.പൊലീസില്‍ അറിയിക്കാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ദഹിപ്പിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും ഹേമലത വിസമ്മതിച്ചതോടെയാണ് മൃതദഹം കുഴിച്ചിട്ടത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാഴ്ച മുന്‍പാണ് ഹേമലത മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

അന്വേഷണത്തിന്‍റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജിയുടെ സാന്നിധ്യത്തിൽ കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് ഡയറക്ടർ ഡോ.രഞ്ജു രവീന്ദ്രൻ, അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ.കെ.എ.അൻവർ എന്നിവരാണ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തിയത്. മൃതശരീരത്തിൽ നിന്ന് എല്ലുകളും മാംസാവശിഷ്ടങ്ങളും വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു. മൂന്നാർ സിഐ സാം ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE