എടിഎം തട്ടിപ്പ്; പ്രതികൾ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവര്‍

atm-theives-education
SHARE

ആധുനിക സാങ്കേതികവിദ്യയിലൂടെ കോഴിക്കോട് നഗരത്തിലെ പത്ത് എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്തിയതിന് പിടിയിലായവര്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവര്‍. എന്നാല്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ചത് മുഴുവന്‍ മികച്ച സാങ്കേതികവിദ്യ. ടെക്കികള്‍ ഉള്‍പ്പെടെ ഇവര്‍ക്ക് സഹായം ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസ്. 

അബ്ദുറഹ്മാന്‍ സഫ്്്വാനും മുഹമ്മദ് ബിലാലും ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി. അബ്ബാസ് നാലാം ക്ലാസുകാരനാണ്. ഷാജഹാനും ജുനൈദിനും പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. റമീസാണ് കൂട്ടത്തില്‍ വിദ്യാസമ്പന്നന്‍. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച സാങ്കേതികവിദ്യ ഈ അറിവുകള്‍ക്കപ്പുറമാണ്. ഇതെങ്ങനെ സാധിച്ചുവെന്നറിയുന്നതിനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. 

എന്‍ജിനീയറിങ് സാങ്കേതികവിദ്യ അറിയാവുന്നവരില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കി സ്കിമ്മറും ബട്ടണ്‍ ക്യാമറയും ഇവര്‍ സ്വന്തമായി നിര്‍മിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആഡംബരജീവിതം നയിക്കാനുള്ള ആഗ്രഹത്തില്‍ പതിവായുള്ള പരീക്ഷണത്തിലൂടെ നേടിയ അറിവാകാനും വഴിയുണ്ട്. ഇവര്‍ക്കു വഴികാട്ടിയായി ടെക്കിയും എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുമുണ്ടെന്നായിരുന്നു പൊലീസിന് കിട്ടിയ ആദ്യ വിവരം. 

കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പതിനെട്ടുകാരന്‍ അബ്ദുറഹിമാനെന്ന് മറ്റുള്ളവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇയാളെ ഒന്നാം പ്രതിയാക്കിയത്. ഇവർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടോ, കേരളത്തിലെ മറ്റു ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതരസംസ്ഥാനക്കാരെന്ന് കരുതാനാണ് കോയമ്പത്തൂരിലെ പിച്ചാന്നൂരിലെ എടിഎമ്മിൽ നിന്നു പണം പിൻവലിച്ചത്. 

ഇവർ ഉപയോഗിച്ച സ്കിമ്മറുകളും ക്യാമറയും കണ്ടെത്തുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. വൈഫൈ റൗട്ടർ ഘടിപ്പിക്കാതെ തന്നെ വിവരങ്ങൾ ചോർത്താനുള്ള സാങ്കേതിക വിദ്യ വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന ഇവർക്ക് എങ്ങനെ കിട്ടിയെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനയുണ്ടാകും. മറ്റ് മൂന്നുപേരും പൊലീസിന്റെ പിടിയിലായെന്നാണ് സൂചന. കഴിഞ്ഞ ഏഴ്, എട്ട് തീയതികളിലായാണ് സംഘം എടിഎം ഉപയോഗിച്ചവരുടെ കാർഡിലെ വിവരങ്ങൾ ചോർത്തി പണം കവർന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE