സുബൈദയെ കൊന്നത് ഉറ്റവർ തന്നെയെന്ന സംശയം ബലപ്പെടുന്നു

subaida
SHARE

കാസർകോട് പെരിയ ആയമ്പാറയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ അന്വേഷണം ബന്ധുക്കളെ കേന്ദ്രീകരിച്ച്. ഉറ്റബന്ധുവടക്കം മൂന്നുപേരെ പൊലീസ് തുടർച്ചയായി ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം മോഷണം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഇനിയും അന്വേഷണസംഘത്തിനായിട്ടില്ല. 

സുബൈദ കൊല്ലപ്പെട്ട ദിവസം പ്രദേശത്ത് കണ്ട ഒരു കാർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വാഹനത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം നിലവിൽ സംശയിക്കുന്ന മൂന്നുപേരിലേയ്ക്ക് പൊലീസിനെ എത്തിച്ചു. ഒപ്പം സുബൈദയുടെ മൊബൈൽ ഫോൺ രേഖകളും നിർണായക തെളിവുകളായി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പുലിയന്നൂരിലെ റിട്ടയേർഡ് അധ്യാപികയുടെ കൊലപാതകവും, കാഞ്ഞങ്ങാട് വേലേശ്വരത്തെ കവർച്ചയും അന്വേഷിക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ. സുബൈദയുമായി അടുത്ത് പരിചയമുള്ളവരാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് ഉറപ്പിക്കുന്നു. 

അതേസമയം മോഷണം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സാധാരണയായി സുബൈദ ആഭരണങ്ങൾ ധരിക്കാറുണ്ടായിരുന്നെങ്കിലും മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിലെ അലമാരയിൽ വച്ച് പൂട്ടിയിട്ടുണ്ടാകാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അലമാരതുറന്ന് പരിശോധിച്ചെങ്കിലും പണവും ആഭരണങ്ങളും കണ്ടെത്താനായില്ല. ഇതോടെ കവർച്ച നടന്നുവെന്ന സംശയം ബലപ്പെടുത്തുന്നു. എന്നാൽ വീട്ടിൽ സുബൈദ തനിച്ച് താമസിച്ചിരുന്നതുകൊണ്ട് കൈവശം എത്ര പണവും, സ്വർണവും ഉണ്ടായിരുന്നെന്ന് വ്യക്തമാകാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. 

MORE IN LOCAL CORRESPONDENT
SHOW MORE