നൊന്തുപെറ്റ മക്കളെ കൊന്നുതള്ളുന്ന മനസ്സുകളെ എന്തുവിളിക്കണം..?

jaya-mol-rani
SHARE

അരുംകൊലകൾക്കു പഞ്ഞമില്ലാത്ത നാടാണ് ദൈവത്തിന്റെ സ്വന്തം കേരളം. ക്വട്ടേഷൻ കൊലകളും മാനഭംഗക്കൊലകളും ദിനംപ്രതി പെരുകുന്നു. ക്വട്ടേഷൻ നൽകുന്നവരിൽ സ്ത്രീകളും മുന്നിൽതന്നെ. സ്ത്രീ കുറ്റവാളികളുടെ എണ്ണം നമ്മുടെ കൊച്ചുകേരളത്തിൽ പെരുകുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു സ്ത്രീകൾ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരകൃത്തിന്റെ ഭാഗമായ കാഴ്ചയാണ് കണ്ടത്. നൊന്തുപെറ്റ മക്കളെ ഒരു ദയയുമില്ലാതെ കൊന്നു തള്ളിയ അമ്മമാരായിരുന്നു ഇരുവരും. 

ചോറ്റാനിക്കരയിൽ കാമുകനുമായുള്ള അവിഹിതബന്ധത്തിനു നാലുവയസുകാരിയായ മകൾ തടസമാകുമെന്ന കണ്ട അമ്മ റാണി മകളെ കൊല്ലാൻ കൂട്ടുനിൽക്കുകയായിരുന്നു. കാമുകൻ രജിത്ത് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും തെളിഞ്ഞു.രജിത്ത് കുട്ടിയുടെ തല ഭിത്തിയിലിടിച്ചു മാരകമായി പരുക്കേൽപിച്ചതിനു പുറമേ നെഞ്ചിലും അടിവയറ്റിലും തൊഴിച്ചു പരുക്കേൽപിച്ചു. തലച്ചോറിനേറ്റ ക്ഷതത്തെത്തുടർന്നായിരുന്നു മരണം. കുട്ടിയുടെ ശരീരത്തിൽ 25 മുറിവുകളും തലയോട്ടിയിൽ പൊട്ടലുമുണ്ടായിരുന്നു. 

അവിഹിത ബന്ധത്തിനു തടസ്സമാണെന്ന കാരണത്താൽ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്നതിനു കൂട്ടുനിന്ന സ്ത്രീ അമ്മ എന്ന വിശേഷണത്തിന് അർഹയല്ലെന്നു കോടതി വിലയിരുത്തി. മകളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ അമ്മ മാതൃത്വത്തിനു നാണക്കേടാണ്. കുട്ടിയെ സംരക്ഷിക്കാൻ ചുമതലയുള്ള അമ്മയുടെ പ്രവൃത്തി കഠിനമായ ശിക്ഷ അർഹിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ അമ്മയുടെ കാമുകനായ ഒന്നാം പ്രതി പിറവം ഐക്കരനാട് മീമ്പാറ കൊന്നമ്പറമ്പിൽ വീട്ടിൽ രജിത്തിന് (33) വധശിക്ഷ ലഭിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ രണ്ടാം പ്രതി റാണി, രജിത്തിന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ ചോറ്റാനിക്കര തിരുവാണിയൂർ മരങ്ങാട്ടുള്ളി കുരീക്കാട്ടിൽ വീട്ടിൽ ബേസിൽ കെ. ബാബു (23) എന്നിവർക്ക് ഇരട്ട ജീവപര്യന്തവും എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചു

അരുംകൊലയിൽ ഞെട്ടി കൊല്ലം

കൊല്ലം കൊട്ടിയത്തായിരുന്നു മാതൃത്വത്തിനു നാണക്കേടായ മറ്റൊരു അരുംകൊല നടന്നത്. പതിനാലുകാരനായ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നതിനു ശേഷം കത്തിക്കുകയായിരുന്നു അമ്മ ജയാ മോൾ ചെയ്തത്. നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബ് (14) ന്റെ മൃതദേഹം വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ യുവാവിനു സംഭവത്തിൽ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു.

വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേർന്നു കണ്ട ചെരുപ്പുകൾ ജിത്തുവിന്റെതാണെന്നു കണ്ടെത്തി. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയ്യിൽ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡു വരെച്ചെന്നു തിരികെപ്പോയി. വീടിനു സമീപം ഇവരുടെ വാഴത്തോട്ടത്തിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി. 

താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് ജയ പറയുന്നത്. ഭർത്താവിന്റെ വീട്ടിൽ പോകുന്നതിൽനിന്ന് മകനെ വിലക്കിയെങ്കിലും പോയതാണ് പ്രകോപനമായതെന്നും ജയ മൊഴി നൽകി. തിരിച്ചുവന്നപ്പോൾ സ്വത്ത് തരില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി അറിയിച്ചു. ഇതോടെ മകന്റെ കഴുത്തിൽ ഷാൾ മുറുക്കുകയായിരുന്നുവെന്നും ജയ മൊഴി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അമ്മ ജയയെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തിട്ടുണ്ട്.

MORE IN LOCAL CORRESPONDENT
SHOW MORE