ആലുവയിൽ വൻകവർച്ച; 100 പവനും ഒരുലക്ഷം രൂപയും കവർന്നു

Thumb Image
SHARE

കൊച്ചിയെ നടുക്കി വീണ്ടും വൻ കവർച്ച. ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവനും ഒരുലക്ഷം രൂപയും കവർന്നു. മഹിളാലയം കവലയിൽ പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച. ഇന്നലെ രാവിലെ മമ്പുറത്ത് പോയി രാത്രിയോടെ കുടുംബാംഗങ്ങൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വൻ കവർച്ച നടന്നതറിഞ്ഞത്. 

ഇന്നലെ വൈകിട്ടോടെയായിരിക്കണം വൻ കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട് പൂട്ടി മമ്പുറത്ത് പോയ അബ്ദുള്ളയും കുടുംബവും രാത്രിയോടെ എത്തുമ്പോൾ വീട്ടിനുള്ളിലെ ലൈറ്റുകളെല്ലാം തെളിയിച്ചനിലയിലായിരുന്നു. സകലസാധനങ്ങളും നിലത്തുവാരിവിതറിയ നിലയിലും. അലമാരയിൽ സൂക്ഷിച്ചിരുന്ന നൂറ് പവനും ഒരുലക്ഷംരൂപയുമാണ് നഷ്ടപ്പെട്ടത്. വീടിനുപിന്നിലെ വാതില്‍ താഴ്തകർത്താണ് കവർച്ചക്കാർ അകത്തുകടന്നത്. താഴ് തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാക്കത്തിയും പിക്കാസും കണ്ടെത്തി. അബ്ദുള്ളയുടെ മകളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് ആലുവ എസ്.െഎ യാക്കൂബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. 

അബ്ദുള്ളയുടെയും കുടുംബത്തിന്റെയും മൊഴി പ്രാഥമികമായി രേഖപ്പെടുത്തിയ പൊലീസ് സ്ഥലത്തെ ഇതരസംസ്ഥാനക്കാരിൽ ചിലരെയും രാത്രി ചോദ്യംചെയ്തു. ഡോഗ് സ്ക്വാഡ് രാത്രിതന്നെ എത്തിയെങ്കിലും കൂടുതൽ പരിശോധനകള്‍ ഇന്നു നടക്കുമെന്ന് പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ധരും ഇന്ന് സ്ഥലത്തെത്തും. ആലുവ അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി ജയരാജിനാണ് നിലവില്‍ അന്വേഷണച്ചുമതല. 

MORE IN LOCAL CORRESPONDENT
SHOW MORE