ഇടവേളയ്ക്ക് ശേഷം വീണ്ടും ഇടുക്കി വഴി കഞ്ചാവ് എത്തുന്നു

Thumb Image
SHARE

ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് ഇടുക്കി വഴിയുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി കുമളി സ്വദേശി അരുണ്‍ രാജാക്കാട് പൊലീസിന്‍റെ പിടിയിലായി. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. 

മൂന്ന് മണിയോടെ രാജാക്കാട് എത്തിയ തമിഴ്നാട് ബസില്‍ നിന്നാണ് കുമളി സ്വദേശി അരുണിനെ കഞ്ചാവുമായി പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിശോധന കുറവായതിനാല്‍ രാജാക്കാട് വഴിയാണ് മാഫിയ കഞ്ചാവ് കടത്തുന്നത്. ഇതോടെ രാജാക്കാട് ഉള്‍പ്പെടെ അതിര്‍ത്തി മേഖലകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കുകയും ചെയ്തു. രാജാക്കാട് എസ് ഐ പി.ഡി അനൂപ്‌മോന്‍റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍സ്‌ക്വാഡിന്‍റെ പരിശോധനയിലാണ് അരുണ്‍ പിടിയിലായത്. രണ്ട് പൊതികളിലാക്കി സൂക്ഷിച്ച നാല് കിലോ കഞ്ചാവ് ബിഗ്ഷോപ്പറിലാക്കി ബസിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു. പൊലീസുകാരെ കണ്ടതോടെ ബാഗ് ഉപേക്ഷിച്ച് അരുണ്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തടഞ്ഞ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പൊലീസ് കീഴടക്കിയത്. 

കമ്പത്ത് നിന്ന് വാങ്ങിയകഞ്ചാവ് കൊച്ചിയിലേക്ക് കടത്താനായിരുന്നു പദ്ധതി. തമിഴ്നാട് ബസില്‍ രാജാക്കാട് എത്തിയ ശേഷം സ്വകാര്യ ബസില്‍ കഞ്ചാവ് കൊച്ചിയിലെത്തിക്കുകയായിരുന്നു അരുണിന്‍റെ ലക്ഷ്യം. നേരത്തെയും വന്‍തോതില്‍ കഞ്ചാവ് കടത്തിയിട്ടിണ്ടെന്ന് ചോദ്യം ചെയ്യുന്നതിനിടെ അരുണ്‍ പൊലീസിന് മൊഴി നല്‍കി. കുമളിയിലെ അരുണിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുമളിയിലും അടിമാലിയിലുമായി രണ്ട് ദിവസത്തിനിടെ പത്ത് കിലോ കഞ്ചാവാണ് എക്സൈസും പൊലീസും ചേര്‍ന്ന് പിടികൂടിയത്. ചെക്പോസ്റ്റുകളിലുള്‍പ്പെടെ പരിശോധന കുറഞ്ഞതാണ് കഞ്ചാവ് മാഫിയ മുതലാക്കുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE