ഇനിയും വരും അവര്‍? കൊച്ചിക്കാര്‍ സൂക്ഷിക്കുക

Thumb Image
SHARE

രണ്ട് ദിവസം തുടര്‍ച്ചയായുണ്ടായ കവര്‍ച്ചകളില്‍ ആശങ്കയിലാണ് കൊച്ചി നഗരം. പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും വീട്ടുകാരെ ബന്ധിക്കളാക്കി കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് നിഗമനമുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചന പോലും ലഭിക്കാത്തതാണ് ആശങ്ക ജനിപ്പിക്കുന്നത്. കൊള്ളസംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും കവര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് കൊച്ചിയിലെ നഗരവാസികള്‍ അല്‍പം ജാഗ്രത പുലര്‍ത്തുക. 

24 മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് കവര്‍ച്ചകള്‍. കൊച്ചി നിവാസികള്‍ ഭീതിയിലാണ്. പുല്ലേപ്പടിയിലെയും തൃപ്പൂണിത്തുറയിലെയും വീട്ടുകാരെ ആക്രമിച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയേക്കാള്‍ അപ്പുറം പൊലീസിനെയും നാട്ടുകാരെയും ഭയപ്പെടുത്തുന്നതും സംഘത്തിന്റെ ആക്രമണ രീതിയാണ്. ചമ്പൽകൊള്ളക്കാരെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു കവർച്ചാ സംഘത്തിന്റെ അഴി‍ഞ്ഞാട്ടം. 

മുൻഭാഗത്തെ ജനൽ കമ്പി തകർത്ത് വെള്ളിയാഴ്ച്ച പുലർച്ചെ പുല്ലേപ്പടിയിലെ ഇ.കെ.ഇസ്മയിലിന്റെ വീട്ടിൽ കടന്ന കവർച്ചാ സംഘം വീട്ടുകാരിയുടെ കഴുത്തിൽ കത്തിവെച്ച് അഞ്ചുപവൻ സ്വർണവും കവർന്ന് രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങൾ ഉണർന്നതുകൊണ്ട് മാത്രമാണ് വലിയൊരു കൊള്ളയും മറ്റ് അതിക്രമങ്ങളും അവിടെ സംഭവിക്കാ‍ഞ്ഞത്. 

ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് പുലർച്ചെ തൃപ്പൂണിത്തുറ എരൂർ സൗത്തിലെ ആനന്ദകുമാറിന്റെ വീട്ടിൽ കൊടുംകൊള്ള നടന്നത്. പുലർച്ചെ രണ്ടുമണിയോടെ വീടിന്റെ മുൻഭാഗത്തെ ജനൽ തകർത്താണ് കൊള്ള സംഘം വീടിന് അകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരെയും കെട്ടിയിട്ട് മർദിച്ചു. നിലവിളി പുറത്ത് വരാതിരിക്കാൻ വായിൽ തുണി തിരുകി. ചെറുക്കാന്‍ ശ്രമിച്ച ഗൃഹനാഥനെ കവർച്ചക്കാര്‍ തലയ്ക്കടിച്ച് വീഴ്ത്തി. ഒരേ സംഘമാണ് ഇരു കവർച്ചകൾക്കും പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

അന്യസംസ്ഥാന സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്തുക ദുഷ്കരമാണ്. കാരണം, പ്രതികളെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഈ പ്രദേശങ്ങളിലൊന്നും സിസിടിവി ക്യാമറകളില്ല. നഗരഹൃദയത്തോട് ചേര്‍ന്ന പ്രദേശമാണെങ്കിലും റോഡിലും വേണ്ടത്ര സുരക്ഷാ സംവിധാനം ഇല്ലാത്തതും സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിക്കാത്തതും പൊലീസിനെയും പ്രതിക്കൂട്ടിലാക്കുന്നു. കൊച്ചി പോലെ ഒരു നഗരത്തിൽ തൊട്ടടുത്ത ദിവസങ്ങളില്‍ ഇത്തരം കൊള്ള നടന്നത് പൊലീസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE