ക്രിസ്മസ് കാരള്‍ സംഘത്തിനുനേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

Thumb Image
SHARE

മധ്യപ്രദേശിലെ സത്നയില്‍ മലയാളികളായ ക്രിസ്മസ് കാരള്‍ സംഘത്തിനുനേരെ മതപരിവര്‍ത്തനശ്രമം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. സത്ന സെന്‍റ് എഫ്രേം സെമിനാരിയിലില്‍നിന്നുപോയ മലയാളി വൈദികര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് ആക്രമിച്ചത്. വിവരം അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ വൈദികരുടെ കാര്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. 

ഫാദര്‍ ജോര്‍ജ് മംഗലപ്പിള്ളി, ഫാദര്‍ അലക്സ് പണ്ടാരക്കാപ്പില്‍ എന്നീ മലയാളി വൈദികരും മുപ്പത് വൈദിക വിദ്യാര്‍ഥികളുമാണ് കാരള്‍ സംഘത്തിലുണ്ടായിരുന്നത്. ഇവരെ തടഞ്ഞുവച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി നിര്‍ബന്ധപൂര്‍‍വം കസ്റ്റഡിയിലെടുപ്പിച്ചു. ഇക്കാര്യം അന്വേഷിക്കാനെത്തിയ എട്ട് വൈദികരടങ്ങുന്ന സംഘത്തെയും പൊലീസിനെക്കൊണ്ട് കസ്റ്റഡിയില്‍ എടുപ്പിച്ചു. ഇവരെത്തിയ കാര്‍ സ്റ്റേഷനുപുറത്ത് അക്രമികള്‍ അഗ്നിക്കിരയാക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ചവരെ പുലര്‍ച്ചെയാണ് വിട്ടയച്ചത്. ക്രിസ്മസ് കാലത്ത് കാരള്‍ പരിപാടി മുപ്പതുവര്‍ഷമായി സത്നയില്‍ നടത്തുന്നതാണെന്നും മതപരിവര്‍ത്തന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും സത്ന രൂപത വികാരി ജനറല്‍ ഫാദര്‍ ജോണ്‍ തോപ്പില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

തടഞ്ഞുവയ്ക്കപ്പെട്ടവരെ മോചിപ്പിക്കാതെ പൊലീസ് അക്രമികളുടെ സമ്മര്‍ദത്തിന് വഴങ്ങിയത് ഏറെ ആശങ്കജനകമായണെന്ന് സി.ബി.സി.ഐ വ്യക്തമാക്കി. സംഭവത്തെ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടു. 

MORE IN LOCAL CORRESPONDENT
SHOW MORE