എടിഎമ്മുകള്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിൽ

Thumb Image
SHARE

ആലപ്പുഴ ജില്ലയില്‍ മൂന്നിടത്ത് എടിഎമ്മുകള്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിൽ. എ.ടി.എം മോഷണത്തിനുള്ള പുതിയ ലേസർ മെഷീൻ സ്വന്തമാക്കാനുള്ള പണം കണ്ടെത്താനാണ് യുവാക്കൾ മോഷണത്തിനിറങ്ങിയത്. മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികളാണിവര്‍. 

ആലപ്പുഴ ജില്ലയിൽ എ.ടി.എം തകർത്തുള്ള മോഷണ ശ്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻറെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് അന്പലപ്പുഴ സ്വദേശികളായ 21കാരന്‍ ബിബിന്‍ ജോണ്‍സണ്‍, 18 വയസുകാരായ ആഷിഖ്, ഗോകുല്‍ എന്നിവരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര ഐ.ഡി.ബി.ഐ ബാങ്ക്, കരുവാറ്റ വിജയ ബാങ്ക്, പൈനുംമൂട് ധനലക്ഷ്മി ബാങ്ക് എന്നിവയുടെ എടിഎമ്മുകളാണ് ഇവര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം 24, 25 തീയതികളിലായിരുന്നു മോഷണശ്രമം. മുഖംമൂടി ധരിച്ച് എടിഎം കൗണ്ടറിനുള്ളില്‍ കയറിയിരുന്നതിനാൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ആദ്യഘട്ടത്തില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് മൂന്ന് എടിഎമ്മുകളുടേയും സമീപത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളിലേക്കെത്തുകയായിരുന്നു. മൂന്നിടത്തുനിന്നും പ്രതികളുടെ വാഹനങ്ങള്‍ അന്പലപ്പുഴ ഭാഗത്ത് വന്ന് നിന്നതാണ് വഴിത്തിരിവായത്. ഇന്റർനെറ്റിലുൾപ്പടെ തിരഞ്ഞാണ് atm കവര്‍ച്ചക്ക് പ്രതികള്‍ ഒരുങ്ങിയത്. 

തിരുവല്ലക്ക് സമീപം പൊടിയാടിയില്‍ വ്യാപാരസ്ഥാപനത്തിന്‍റെ ഉടമയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിച്ചതും ഇതേ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അന്പലപ്പുഴ, നൂറനാട്, കക്കാഴം എന്നിവിടങ്ങളില്‍ മാല മോഷ്ടിച്ച കേസുകളിലും ഇവര്‍ പ്രതികളാണ്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനും ലഹരിവസ്തുക്കൾക്കുവേണ്ടിയുമാണ് പ്രതികൾ ചെലവാക്കിയിരുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE