എരിയാലില്‍ സ്വകാര്യ ബസിന് കല്ലേറിഞ്ഞവരെ അറസ്റ്റു ചെയ്തു

Thumb Image
SHARE

കാസര്‍കോട് എരിയാലില്‍ സ്വകാര്യ ബസിന് കല്ലേറിഞ്ഞ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കല്ലേറില്‍ ബസ്ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റു. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എരിയാല്‍ പാലത്തിനു സമീപം വെച്ച് കാസര്‍കോട് നിന്നും കുമ്പളയിലേയ്ക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എന്ന ബസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ കളത്തൂര്‍ സ്വദേശി റുദേഷിന്റെ കണ്ണിന് സാരമായി പരുക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. കാസര്‍കോട് എസ്.ഐ പി.അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കുഡ്‌ലു സ്വദേശികളായ ഇന്‍സമാം, മുഹമ്മദ് അജ്മല്‍ എന്നിവരും 17 വയസുള്ള രണ്ടു പേരുമാണ് പിടിയിലായത്. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് ഒരു ദൃക്്സാക്ഷി നല്‍കിയ മൊഴിയാണ് പ്രതികളിലേയ്ക്ക് എത്തിച്ചത്. 

സംഭവം നടക്കുമ്പോള്‍ ബസില്‍ 25യാത്രക്കാരുണ്ടായിരുന്നു. പരിക്ക് പറ്റിയെങ്കിലും ഡ്രൈവര്‍ വാഹനം കൃത്യമായി നിയന്ത്രിച്ച് നിര്‍ത്തിയതുകൊണ്ട് വലിയൊരു അപകടം ഒഴിവായി. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ പ്രധാന വകുപ്പുകള്‍ തന്നെയാണ് ചുമത്തിയിരിക്കുന്നത്.‍ 

കുമ്പള ആരിക്കാടിയിലും ഉപ്പളയിലും ബസുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ കുമ്പള, മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തുകയാണ്. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പൊലീസ് കവലാണ് കഴിഞ്ഞ ഒരുക്കിയിരുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE