ഇത് കുട്ടിക്കളിയല്ല, നഴ്സറിയിലെ പീഡനത്തില്‍ വീഴ്ചയെവിടെ..?

child-rape
SHARE

ഡല്‍ഹിയില്‍ എല്‍കെജി വിദ്യാര്‍ഥിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാലരവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. കുട്ടികള്‍ തമ്മില്‍ കളിച്ചപ്പോഴുണ്ടായ സംഭവമെന്നോ തമാശയെന്നോ ആകും ഇത് കേള്‍ക്കുന്നവരില്‍ പലര്‍ക്കും തോന്നിയത്. സ്കൂളില്‍ ഉണ്ടായ ഇത്തരം അനുഭവങ്ങള്‍ മാതാപിതാക്കളോട് പങ്കുവച്ചാല്‍ അത് സ്കൂളിലെ തമാശയായോ കളിയായോ കണ്ട് നിസ്സാരവല്‍ക്കുന്നതാണ് പതിവ്. പക്ഷെ ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട നാലര വയസ്സുകാരിയുടെ ആ അമ്മയുടെ ഹൃദയംപൊട്ടിയുള്ള വാക്കുകളില്‍ സംഭവം എത്ര ഗൗരവമാണെന്ന് വ്യക്തമാകും. ആദ്യം കളിക്കിടെയുണ്ടായ സംഭവമായി തള്ളിക്കളഞ്ഞ ആ അമ്മ, പിന്നീട് കുട്ടിയെ പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ ബോധ്യമായത്. (പരസ്യമായി പറയാന്‍ അറയ്ക്കുന്നതിനേക്കാള്‍ അപ്പുറം ഭയപ്പെടുത്തുന്ന ഭാഷയിലാണ് ആ അമ്മ വിശദാംശങ്ങള്‍ ഡല്‍ഹി പൊലീസിനോട് പറഞ്ഞത്.) 

ഇന്ന് ഡല്‍ഹിയില്‍, ഇന്നലെത്തന്നെ കേരളത്തില്‍

ഇത് ഡല്‍ഹിയിലാണല്ലോ സംഭവിച്ചത് എന്നുപറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ. പക്ഷെ ഡല്‍ഹിയില്‍ സംഭവിച്ചത് നാളെ നമ്മുടെ നാട്ടിലേയ്ക്കും എത്താം എന്ന  ആശങ്ക അരികില്‍ത്തന്നെയുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്ന പല കാര്യങ്ങളും മുന്‍പുതന്നെ കേരളത്തിലും ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ 16 വയസ്സുകാരി ഗര്‍ഭംധരിച്ചു. പണത്തിന്റെ സ്വാധീനം മൂലം ആശുപത്രി അധികൃതര്‍ ഇക്കാര്യം പുറത്തറിയിച്ചില്ല. പക്ഷെ ആശുപത്രിയിലെ നഴ്സ് പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസെത്തി വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. പിന്നീട് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്. മൂന്നുവയസ്സ് ഇളയ സ്വന്തം സഹോദരന്റെ കുഞ്ഞിനായിരുന്നു ആ 16കാരി ജന്മം നല്‍കിയത്. അതിനും നാളുകള്‍ മുന്‍പ് കൊല്ലത്തുണ്ടായ സംഭവവും ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഒന്‍പതു വയസ്സുകാരന്‍ ട്യൂഷന്‍ ടീച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വീട്ടുകാര്‍ ഇടപെട്ട് മറച്ചുവയ്ക്കാന്‍ ശ്രമിച്ചു. ഡിഗ്രി വിദ്യാര്‍ഥിനിയായ ട്യൂഷന്‍ ടീച്ചറെ, മൂന്നാംക്ലാസ് വിദ്യാര്‍ഥി ശാരീരികമായി ഉപദ്രവിച്ചത് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു. പിന്നീട് പരാതി കൊടുക്കാതെ വീട്ടുകാര്‍ ഇടപെട്ട് കേസ് ഒതുക്കിതീര്‍ത്തു. 

ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ടതായി തോന്നിയേക്കാം. പക്ഷെ സാമൂഹ്യമായും മാനസികമായും മാറിയ ഇക്കാലത്ത് കുട്ടികളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. കുട്ടിക്കളിയാണെന്ന് കരുതി എഴുതിത്തള്ളുന്ന പല വിഷയങ്ങളും കൂടുതല്‍ അപകടകരമാണെന്ന് തിരിച്ചറിയാന്‍ വൈകും. അതുകൊണ്ട് തന്നെ കുട്ടികളിലെ കുറ്റവാസനകളെ മുളയിലേ നുള്ളിയില്ലെങ്കില്‍ അവരെ വലിയ കുറ്റകൃത്യങ്ങളിലേയ്ക്കാകും ഇത് തള്ളിവിടുകയെന്ന് കേസുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. സാങ്കേതിക വിദ്യകള്‍ വികസിച്ചതും സോഷ്യല്‍ മീഡിയയുടെ സ്വാധീനവുമെല്ലാം ഇന്നത്തെ കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. 

child-abuse

കുട്ടികള്‍ വഴക്കിട്ടാല്‍ മൊബൈലും കംപ്യൂട്ടറും അവരുടെ കൈകളിലേയ്ക്ക് കൊടുക്കുന്ന മാതാപിതാക്കളുടെ ജാഗ്രതക്കുറവും കുട്ടികളിലെ മനോവൈകൃതങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് വ്യക്തം. ഒന്ന് തൊട്ടാല്‍ ലോകത്തിലെ ഏത് അറ്റംവരെയും പോകുന്ന ഇന്റര്‍നെറ്റില്‍ കുട്ടികളുടെ മേല്‍ മാതാപിതാക്കളുടെ കണ്ണ് വേണമെന്ന് മനശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു. ആദ്യം നഴ്സറി റൈംസും കാര്‍ട്ടൂണുകളും കണ്ടുതുടങ്ങുന്ന കുട്ടികള്‍ പിന്നീട് പല കൗതുകങ്ങളും തേടിപ്പോകാം. പക്ഷെ ഇത് തിരിച്ചറിയാന്‍ മാതാപിതാക്കള്‍ വൈകും. അവസാനം ഈ കൗതുകങ്ങള്‍ അവന്റെ ജീവിതത്തില്‍ നടപ്പാക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുന്നു. 

വീട്ടിലെ സാഹചര്യങ്ങള്‍ പ്രധാനം

വീട്ടിലെ സാഹചര്യങ്ങളും സാമൂഹ്യ പശ്ചാത്തലങ്ങളും കുട്ടിയുടെ മാനസികമായ വളര്‍ച്ചയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ഒരു കുഞ്ഞ് വഴിതെറ്റിപ്പോയാല്‍ അവന്റെ കൂട്ടുകാരെ പഴിപറയുന്നവരാണ് മാതാപിതാക്കളില്‍ പലരും. കൂട്ടുകെട്ടാണോ, വീട്ടിലെ സാഹചര്യങ്ങളാണോ ഒരാളെ കുറ്റകൃത്യത്തിലേയ്ക്ക് തള്ളിവിടുന്നതെന്ന് പരിശോധിക്കണം. ടിവിയിലും മൊബൈലിലും കുട്ടികളുടെ മുന്നില്‍ വച്ച് കാണാന്‍ പാടില്ലാത്തത് ഒഴിവാക്കിയേ പറ്റൂ. ബ്ലൂഫിലിമുകളും പോണ്‍ സൈറ്റുകളും കാണുന്ന മാതാപിതാക്കള്‍ കുട്ടികളില്‍ നിന്ന് സൂക്ഷ്മത പാലിക്കാത്തത് പല കേസ് ഡയറികളിലും വ്യക്തമാണ്. അച്ഛനും അമ്മയും ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും ജാഗ്രത പാലിക്കണമെന്ന് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ദര്‍ പറയുന്നു. പല കാര്യങ്ങളിലും മുതിര്‍ന്നവരെക്കാള്‍ ബോധ്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുമെന്ന് ഇക്കൂട്ടര്‍ മറന്നുപോകുന്നു.  

മധ്യകേരളത്തില്‍ 17കാരനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ അവന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പൊലീസ് പോലും ഞെട്ടിയിരുന്നു. 10 വയസ്സുമുതല്‍ അവന്‍ ബ്ലൂഫിലിമിന് അടിമയായിരുന്നു. വീട്ടില്‍ തന്നെ ഇതിന് സാഹചര്യമൊരുക്കിയവരെയാണ് പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാക്കുന്നത്. കുട്ടികളെ സമൂഹ മാധ്യമങ്ങളുടെയും സാങ്കേതികവിദ്യകളുടെയും അതിരുകളില്ലാ ലോകത്തേക്ക് കയറൂരി വിടുന്നവര്‍ ഒന്നോര്‍ക്കുക, ഈ കുട്ടികള്‍ ബാല്യത്തിലെ തളര്‍ന്നുപോകേണ്ടവരല്ല, ഭാവിയുടെ സ്വപ്നങ്ങളിലേയ്ക്ക് പറന്നുയരേണ്ടവരാണ്. 

MORE IN LOCAL CORRESPONDENT
SHOW MORE