അൽപം നേരത്തെ എത്തിയിരുന്നെങ്കിൽ, മായില്ലായിരുന്നു ഐലിന്റെ പുഞ്ചിരി

ailin-kottayam-death
SHARE

ഒരു രാഷ്ട്രീയനേതാവിന്‍റെ സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന പ്രകടനത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കില്‍ പെട്ട് ആശുപത്രിയിലേയ്ക്ക് എത്താന്‍ വൈകി മരണപ്പെടുന്ന ഒരു പെൺകുട്ടി.  മനംനൊന്ത് കുട്ടിയുടെ മുത്തച്ഛന്‍ ഇവിടത്തെ വ്യവസ്ഥിതിക്കെതിരെ കോടതിയില്‍ എത്തുന്നതാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത നിർണ്ണായകം എന്ന സിനിമ. കഴിഞ്ഞദിവസം കോട്ടയത്ത് അരങ്ങേറിയതും സിനിമയ്ക്ക് സാമാനമായ നിർണ്ണായകനിമിഷങ്ങൾ. 

ഗുളിക തൊണ്ടയിൽ കുടുങ്ങിയായിരുന്നു പരുത്തുംപാറ നടുവിലേപ്പറമ്പി‍ൽ റിന്റു – റിനു ദമ്പതികളുടെ മകൾ ഐലിന്റെ മരണം. ചിങ്ങവനത്തിനടുത്ത് മാവിളങ്ങ് പെട്രോൾ പമ്പിനു സമീപം ബന്ധുവീട്ടിലായിരുന്നു ഐലിനും മാതാവ് റിനുവും. കടുത്ത ചുമയുണ്ടായിരുന്ന ഐലിൻ അഞ്ചു മണിയോടെയാണു ഗുളിക കഴിച്ചത്.

ഗുളിക തൊണ്ടയിൽ കുടുങ്ങി കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ റിനുവും സഹോദരി സജിനയും ഇവരുടെ അമ്മ സജിയും ചേർന്ന് ഐലിനെയും കൊണ്ട് എംസി റോഡിലേക്ക് ഓടി. കൈകാണിച്ചിട്ടും വാഹനങ്ങളൊന്നും നിർത്തിയില്ല. അതുവഴി വന്ന അബ്ദുൽ സലാം കാർ നിർത്തി ഐലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. നഗരത്തിൽ ഒരു സംഘടനയുടെ പ്രകടനം നടന്ന ദിവസമായിരുന്നു അന്ന്.

ചിങ്ങവനത്തു നിന്ന് കുട്ടിയുമായി കോട്ടയം നഗരത്തിലെ ആശുപത്രിയിലേക്കു കാറോടിക്കുന്നതിനിടെ കോടിമത പാലത്തിൽ കുരുക്കിൽപ്പെട്ടു. കാർ ഇഴയാൻ തുടങ്ങി. ഇടവഴികളിലൂടെ ഓടിച്ചെങ്കിലും സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായില്ലെന്നു വേദനയോടെ സലാം പറയുന്നു.

ആശുപത്രിയിലെത്തും മുൻപേ കാറിൽ തന്നെ അമ്മയുടെയും മറ്റും കൺമുൻപിൽ ഐലിന്റെ ജീവൻ പൊലിഞ്ഞു. അൽപം കൂടി മുൻപേ ഐലിനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ കുഞ്ഞുപുഞ്ചിരി നഷ്ടപ്പെടുമായിരുന്നില്ല. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ടു ചികിൽസ വൈകിയതാണു കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ച കാറുടമ എറണാകുളം സ്വദേശി ടി.ബി.അബ്ദുൽ സലാം പറയുന്നു. പ്രകടനങ്ങളും ധർണ്ണകളുമൊക്കെ ജന്മനൻമയ്ക്ക് അകേണ്ടതിനുപകരം ജീവൻ തന്നെ അപഹരിക്കുന്ന അവസ്ഥയിലേക്ക് പോകുന്നത് പരിതാപകരമാണ്. ഐലിനുവേണ്ടി കോടതികയറാനും വാദിക്കാനും ആരുമില്ല. കുടുംബത്തിന്റെ തീരാവേദനയായി ഐലിനും അവളുടെ പുഞ്ചിരിയും എന്നന്നേക്കുമായി മാഞ്ഞു. 

MORE IN LOCAL CORRESPONDENT
SHOW MORE