ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച കേസ്: പൊലീസുകാരന് സസ്പെൻഷൻ

Thumb Image
SHARE

തിരുവനന്തപുരം കഴക്കൂട്ടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. കഴക്കൂട്ടം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എം.ജി.മനുവിനെതിരെയാണ് നടപടി.

കഴക്കൂട്ടം കളത്തൂർ സ്വദേശി രാജീവായിരുന്നു പരാതി നൽകിയത്. ബി.ജെ.പി പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത രാജീവിനെ ഹോക്കി സ്റ്റിക്കടക്കം ഉപയോഗിച്ച് മർദിച്ചെന്നായിരുന്നു പരാതി. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്. കഴക്കൂട്ടം എ.സി.പിയുടെ സ്ക്വാഡിൽ ഉൾപ്പെടുന്ന സിവിൽ പൊലീസ് ഓഫീസറായ എം.ജി. മനു മർദിച്ചെന്നായിരുന്നു പരാതി. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച സംഭവിച്ചതായും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. 

തിരുവനന്തപുരം മേയറെ ആക്രമിച്ചതിൽ കഴക്കൂട്ടത്ത് നടന്ന പ്രതിഷേധത്തിനിടെ രാജീവനും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിൽ ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയിലാണ് രാജീവിനെ കഴക്കൂട്ടം സി.ഐയുടെ നേതൃത്വത്തിലെ പൊലീസ് കസ്റ്റഡിയിലെടുത്തതും പിന്നീട് മർദിച്ചതും. സ്വയം കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണറോട് വിശദീകരണം തേടിയിരുന്നു. 

MORE IN LOCAL CORRESPONDENT
SHOW MORE