പൂമ്പാറ്റ സിനി സ്ത്രീകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ്

Thumb Image
SHARE

സ്വര്‍ണ ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കി പൂമ്പാറ്റ സിനി നിരവധി സ്ത്രീകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി തൃശൂര്‍ ഷാഡോ പൊലീസ് കണ്ടെത്തി. ഇന്നലെ, മനോരമ ന്യൂസ് കുറ്റപത്രത്തില്‍ പൂമ്പാറ്റ സിനിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ലക്ഷങ്ങള്‍ തട്ടിയെടുത്ത തട്ടിപ്പുക്കാരിയുടെ യഥാര്‍ഥ മുഖം ആളുകള്‍ തിരിച്ചറിഞ്ഞത്.

ടണ്‍ കണക്കിന് സ്വര്‍ണം കയ്യിലുണ്ടെന്നാണ് സിനി ആളുകളെ ധരിപ്പിച്ചു. വാചകമടിയില്‍ വീണ വീട്ടമ്മമാര്‍ ബിസിനസില്‍ പങ്കാളികാന്‍ താലിമാല വരെ ഊരി നല്‍കി. ഇങ്ങനെ, തൃശൂര്‍ ജില്ലയിലെ മൂന്നു വീട്ടമ്മമാരുടെ നിരവധി ആഭരണങ്ങള്‍ പൂമ്പാറ്റ സിനി കൈക്കലാക്കി. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയതോടെ പിന്നെ വീട്ടമ്മമാര്‍ പരക്കംപാഞ്ഞു. ആഭരണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ഇതിനിടെയാണ്, മനോരമ ന്യൂസിന്റെ കുറ്റപത്രത്തില്‍ സിനിയുടെ തട്ടിപ്പിന്റെ കഥകള്‍ ഇവര്‍ കണ്ടത്. പിറ്റേന്നു രാവിലെതന്നെ തൃശൂരിലെ ഷാഡോ പൊലീസിന് പരാതിയുമായി ഇവര്‍ എത്തി. ഷാഡോ പൊലീസ് ചോദ്യം ചെയ്യുമ്പോഴെല്ലാം, അയ്യോ പാവം ചമഞ്ഞാണ് നില്‍പ്പ്. 

നടരാജവിഗ്രഹം കാട്ടി മൂന്നു പേരില്‍ നിന്നായി 60 ലക്ഷം രൂപയാണ് രണ്ടു വര്‍ഷം മുമ്പ് തട്ടിയെടുത്തത്. പൊലീസ് പിടികൂടുമെന്നായപ്പോള്‍ വിഗ്രഹം കിണറ്റില്‍ എറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ കിണറ്റിലിറങ്ങി വിഗ്രഹം എടുത്തപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി പത്തു പവന്റെ ആഭരണങ്ങള്‍ ഊരിവാങ്ങി. പണം പലിശയ്ക്കു കൊടുത്തത് മടക്കികിട്ടാന്‍ ഈ ഉദ്യോഗസ്ഥ ട്രെയിനിലിരുന്ന് ഫോണില്‍ സംസാരിക്കുന്നത് സിനി കേട്ടു. ഓപ്പറേഷന്‍ കുബേരയില്‍ പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കയ്യോടെ ആഭരണങ്ങള്‍ ഊരിവാങ്ങിയത്. സിനിയുടെ തട്ടിപ്പിന്റെ കഥകള്‍ സീരിയല്‍ പരമ്പരപോലെ നീണ്ടതാണ്. ഇതുവരെ, ഇരുപതു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. പരാതി നല്‍കാന്‍ മടിച്ച തട്ടിപ്പുകള്‍ ഇനിയും നിരവധി. 

MORE IN LOCAL CORRESPONDENT
SHOW MORE