അവള്‍ വരും പലപേരുകളില്‍; പൂമ്പാറ്റ സിനി തട്ടിയത് ലക്ഷങ്ങള്‍

Thumb Image
SHARE

ആഡംബരക്കാറില്‍ ജ്വല്ലറിയിലേക്ക് സ്വര്‍ണം വാങ്ങാനെത്തിയ യുവതിയെ കണ്ടപ്പോള്‍ ഉടമയൊന്ന് ബഹുമാനിച്ചു. ആറു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി. മൂന്നു ലക്ഷം കയ്യോടെ നല്‍കി. ബാക്കി, മൂന്നു ലക്ഷം രൂപ പിന്നെ തരാമെന്നായി. ഏകമകള്‍ എം.ബി.ബി.എസിന് പഠിക്കുന്നതിനാല്‍ ഉടന്‍ ഫീസ് അടയ്ക്കണം. അതിനാല്‍ , തല്‍ക്കാലം മൂന്നു ലക്ഷം തരാനില്ല. വാചകമടിയും ആഡംബരക്കാറും കണ്ടപ്പോള്‍ ജ്വല്ലറി ഉടമ വീണു.

തട്ടിപ്പിന്റെ രണ്ടാംഘട്ടം

അടുത്ത ദിവസം യുവതി വീണ്ടും വന്നു. തരാനുള്ള മൂന്നു ലക്ഷം എന്റെ കയ്യിലില്ല. പക്ഷേ, പതിനേഴു ലക്ഷം രൂപയുടെ സ്വര്‍ണം തൃശൂരിലെ ഒരു സ്ഥാപനത്തില്‍ പണയംവച്ചിട്ടുണ്ട്. ഈ സ്വര്‍ണമെടുത്ത് തരാമെന്ന വാഗ്ദാനത്തില്‍ ജ്വല്ലറി ഉടമ വീണ്ടും വീണു. യുവതിക്കൊപ്പം കാറില്‍ കയറി പണവുമായി ആ സ്ഥാപനത്തിലേക്ക് തിരിച്ചു. വഴിമധ്യേ, കാര്‍ നിര്‍ത്തി. പണം ബൈക്കില്‍ എത്തിയ യുവാവിന് കൈമാറാന്‍ നിര്‍ദ്ദേശിച്ചു. ആ യുവാവിന്റെ പേരിലാണത്രെ പണയം. പതിനേഴു ലക്ഷം രൂപ കൊടുത്തു. പത്തു മിനിറ്റു കഴിഞ്ഞ ഉടനെ യുവതിക്കു ഫോണ്‍ . പണവുമായി പോയ യുവാവിനെ പൊലീസി പിടിച്ചു. പണം പോയി. പിന്നെ, വെപ്രാളം അഭിനയിച്ച യുവതി. വേഗം ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പൊലീസില്‍ നിന്ന് യുവാവിനെ ഇറക്കാന്‍ . അങ്ങനെ, എല്ലാം കൂടി ഇരുപത്തിയൊന്നു ലക്ഷം രൂപ കയ്യിലായതോടെ യുവതി മുങ്ങി. സംശയം തോന്നി പൊലീസിനെ അറിയിച്ചു. സ്ഥിരം തട്ടിപ്പുകാരായ പല സ്ത്രീകളുടോ ഫൊട്ടോകള്‍ ജ്വല്ലറി ഉടമയ്ക്കു കാണിച്ചു കൊടുത്തു. അതില്‍ ഒരു ഫൊട്ടോ കണ്ടപ്പോള്‍ ജ്വല്ലറി ഉടമ പറഞ്ഞു. ഇതാണ് ആ തട്ടിപ്പുക്കാരി. തട്ടിപ്പില്‍ ഡോക്ടറേറ്റുള്ള പൂമ്പാറ്റ സിനിയായിരുന്നു അത്.

ആരാണ് പൂമ്പാറ്റ സിനി

കൊച്ചിക്കാരിയാണ്. പത്താംക്ലാസ് തോറ്റു. ചെത്തുകാരെ വാചകമടിച്ച് വീഴ്ത്തി അന്തിക്കള്ളു വാങ്ങും. ഇതുക്കൊണ്ടു പോയി വിറ്റ് പണമുണ്ടാക്കും. അങ്ങനെ, ചെത്തുകാരനുമായി പ്രണയത്തിലായി. വിവാഹം കഴിച്ചു . ഒരു മകളുണ്ടായി. ഭര്‍ത്താവ് മരിച്ചതോടെ ചില്ലറ തട്ടിപ്പുമായി ഇറങ്ങി. വ്യാപാരിയോട് അടുപ്പംകൂടി. വ്യാപാരിയ്ക്കൊപ്പം രാത്രി കഴിഞ്ഞപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള നഗ്നചിത്രമെടുത്തു. പിറ്റേന്നു മുതല്‍ ഈ ചിത്രം കാട്ടി ഭീഷണി. ചോദിക്കുമ്പോഴെല്ലാം വ്യാപാരി പണം കൊടുക്കും. അങ്ങനെ, 21 ലക്ഷം രൂപ വരെ പലപ്പോഴായി കൊടുത്തു. വീണ്ടും ഭീഷണി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ വ്യാപാരി ജീവനൊടുക്കി. പിന്നെയും തട്ടിപ്പ് തുടര്‍ന്നു. കൊച്ചിയില്‍ വാടക വീട്ടില്‍ കഴിയുമ്പോള്‍ വീട്ടുടമയേയും പറ്റിച്ചു. സിനിയോട് മിണ്ടിയാല്‍ ആഭരണമോ പണമോ കൊടുത്തിരിക്കും. സംസാരിച്ചു വീഴ്ത്താന്‍ അത്രയും കഴിവാണ്.

എപ്പോഴും വേണം ലഹരി

കൊച്ചിയിലെ വീട്ടില്‍ സിനിയുടെ വീട്ടില്‍ റെയ്ഡിന് എത്തിയപ്പോള്‍ പാന്‍ഉല്‍പന്നങ്ങളുടെ വലിയ ശേഖരം. ഇത്രയും പാന്‍ ഉല്‍പന്നങ്ങള്‍ എന്തിനാണാവോ?. വില്‍ക്കാനായിരിക്കുമെന്ന് പൊലീസ് സംശയിച്ചു. വനിതാ സ്റ്റേഷനില്‍ എത്തിച്ച ഉടനെ ദേഹപരിശോധന നടത്തി. ബ്ലൗസിനുള്ളില്‍ നിന്ന് ഹാന്‍സിന്റെ അരഡസന്‍ പായ്ക്കറ്റുകളാണ് പൊലീസിന് കിട്ടിയത്. എല്ലായ്പ്പോഴും വായില്‍ ഹാന്‍സ് ഉണ്ടായിരിക്കും. പിന്നെ, നന്നായി മദ്യപിക്കും. 

ഡ്രൈവറുടെ ശമ്പളം ഒരു ലക്ഷം

സിനിക്കൊപ്പം അറസ്റ്റിലായ ഡ്രൈവറോട് പൊലീസ് ചോദിച്ചു. നിനക്ക് മുമ്പ് വല്ല കേസമുണ്ടോ. ഇല്ല. നിനക്കെന്തായിരുന്നു പണി. തൃശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഒരു വര്‍ഷമായി സിനിയുടെ കാറിന്റെ ഡ്രൈവറാണ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടേതു പോലെ വെയിലുകൊണ്ട ലക്ഷണമില്ലല്ലോയെന്ന് പൊലീസ് ചോദിച്ചു. എല്ലായ്പ്പോഴും എ.സിയിലാണ് ജീവിതമെന്നായിരുന്നു യുവാവിന്റെ മറുപടി. 

MORE IN LOCAL CORRESPONDENT
SHOW MORE