വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതക‍ം

Thumb Image
SHARE

കാസർകോട് ഇരിയ പൊടുവടുക്കത്ത് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് വേങ്ങയിൽ അമ്പൂട്ടി നായരുടെ ഭാര്യ ലീലയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. വീടുപണിക്കെത്തിയ ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

ബുധനാഴ്ച വൈകീട്ടാണ് വേങ്ങയിൽ അമ്പൂട്ടി നായരുടെ ഭാര്യ ലീലയുടെ മൃതദേഹം വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ മകന്‍ പ്രജിത്താണ് ലീലയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ കഴുത്തിലെ മുറിപ്പാട് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടൊപ്പം താലിമാല ഇല്ലാതിരുന്നതും ലീലയുടെ മരണം സംബന്ധിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കാണാതായ സ്വർണമാല വീടിന് സമീപത്തെ കമുകിൻ തോട്ടത്തിൽ നിന്ന് കണ്ടെത്തി. ഇതോടെ വീടുപണിക്കെത്തിയ ഇതര സംസ്ഥാനക്കാരായ അഞ്ചുപേരിലേയ്ക്ക് സംശയത്തിന്റെ മുനനീണ്ടു. 

മകന്റ പരാതിയെത്തുടർന്ന് ബംഗാളികളായ തൊഴിലാളികളെ അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ വിലയിരുത്തൽ. ബലപ്രയോഗത്തിന്റെ കാര്യമായ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നതും, നഷ്ടപ്പെട്ടമാലയുടെ കൊളുത്ത് ഊരിയെടുത്ത നിലയിലായിരുന്നതും ഈ നിഗമനത്തിന് ബലം നല്‍കി. ബലപ്രയോഗത്തിലൂടെ മാല കൈക്കലാക്കിയിരുന്നുവെങ്കില്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പൊലീസ് വാദം. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.കഴുത്ത് ഞെരിച്ചാണ് ലീലയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. 

നിലവില്‍ നിരീക്ഷണത്തിലുള്ള ഇതര സംസ്ഥാനത്തൊഴിലാളികളില്‍ ഒരാളാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ബേക്കല്‍ സി.ഐക്കാണ് അന്വേഷണച്ചുമതല. സംശയമുള്ള വരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ചോദ്യം ചെയ്യലിനായി ദ്വിഭാഷിയുടെ സഹായവും തേടും. അഞ്ചു തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം താഴെ ഉണ്ടായിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി. ബാക്കിയുള്ള നാലുപേരും മുകളില്‍ ജോലി ചെയ്യുകയായിരുന്നു. താഴെയുണ്ടായിരുന്ന 17കാരനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വഷണം പുരോഗമിക്കുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE