സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡങ്ങൾ നിശ്ചയിക്കും. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലെടുത്ത മാനദണ്ഡങ്ങളാണ് നടപ്പാക്കുക. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമനം.
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പത്ത് പൊതുമാനദണ്ഡങ്ങളാണ് നിശ്ചയിക്കുക. എല്ലാവകുപ്പിലും ഓൺലൈൻ സ്ഥലം മാറ്റം നടപ്പാക്കാനും, അപേക്ഷകന് ഒരു സമയം മൂന്ന് ജില്ലകൾ തിരെഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം നൽകും. ഒന്നാമത്തെ സ്ഥലത്ത് സ്ഥലം മാറ്റം ലഭിക്കുന്നതുവരെ അപേക്ഷ നിലനിൽക്കും. മെയ് 15 നകം പൊതുസ്ഥലം മാറ്റം നടപ്പാക്കും. തീരുമാനത്തിന് മുന്‍പ് വകുപ്പുകൾ കരട് പട്ടിക പ്രസിദ്ധീകരിക്കും. അധ്യാപക മേഖലയിൽ ഓഗസ്റ്റ് 15നകം സ്ഥലംമാറ്റം നടപ്പാക്കുംവിധം ക്രമീകരിക്കും. വനിതാജീവനക്കാരെ ദുർഘടജില്ലകളിൽ നിയമിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കും. അനുകമ്പാർഹമായ സ്ഥലംമാറ്റങ്ങൾ ഇരുപതുശതമാനമായിരിക്കും.മാരക രോഗങ്ങള്‍ ബാധിച്ച ജീവനക്കർക്കും, മാരകരോഗങ്ങൾ ബാധിച്ച കുടുംബാംഗങ്ങളെ പരിചരിക്കുന്ന ജീവനക്കാർക്കും മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്.