പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് കോൺഗ്രസിലുളളതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ. കോൺഗ്രസ് നേതാക്കൾ തമ്മിലുളള അസ്വാരസ്യങ്ങള്‍ പരിഹരിക്കുമെന്നും കൂട്ടായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും പാണക്കാട്ട് ലീഗ് നേതാക്കള്‍ക്ക് സുധീരന് ഉറപ്പുനല്‍കി.
ദിവസേന വാർത്തകളിൽ വരുന്നതു പോലെയുളള തർക്കങ്ങൾ കോൺഗ്രസിനുളളിൽ ഇല്ലെന്നാണ് വി.എം.സുധീരൻ ലീഗ് നേതൃത്വത്തെ ധരിപ്പിച്ചത്. ഒരേ വീട്ടിലെ സഹോദരങ്ങൾ തമ്മിലുണ്ടായേക്കാവുന്ന അതൃപ്തി മാത്രമാണ് ഉമ്മൻചാണ്ടിക്കുളളത്. എല്ലാ നേതാക്കളുടേയും അതൃപ്തി പരിഹരിക്കാനാകുമെന്നും കെ.പി.സി.സി അധ്യക്ഷൻ ആത്മവിശ്വാസം പങ്കുവച്ചു.
ദേശീയ, സംസ്ഥാന തലത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിന് പകരം പരസ്പരം പോരടിച്ച് സംസ്ഥാനത്തെ കോൺഗ്രസ് സമയം കളയുകയാണന്ന ആക്ഷേപം ലീഗ് നേരത്തെ ഉന്നയിച്ചിരുന്നു. കൂട്ടായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ലീഗ് നേതാക്കള്‍ക്ക് വി.എം. സുധീരൻ ഉറപ്പു നൽകി. ഒപ്പം തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധയോഗത്തിലേക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ക്ഷണിക്കുകയും ചെയ്തു.
ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് മാത്രമാണ് വി.എം. സുധീരന് ഒപ്പമുണ്ടായിരുന്നത്.