പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ വകുപ്പുമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. പൂട്ടിക്കിടന്ന കൊച്ചി കാക്കനാട്ടെ റസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ഗേറ്റ് പൊളിച്ച് മന്ത്രി ജി സുധാകരന് ഉള്ളില്‍കടന്നു. എന്നാല്‍ മെട്രോ റെയില്‍ പദ്ധതിക്കായി കൈമാറാന്‍ അടച്ചുപൂട്ടിയതാണ് റസ്റ്റ് ഹൗസെന്ന് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. അതേസമയം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കൈമാറ്റമെന്ന് മന്ത്രി ആരോപിച്ചു.
ജി സുധാകരന് അധ്യക്ഷനായ നിയമസഭാസമിതി മറ്റൊരു വിഷയത്തില്‍ സിറ്റിങ്ങിനായാണ് കൊച്ചിയില്‍ എത്തിയത്. കാക്കനാട് എത്തിയപ്പോള്‍ അല്പം വിശ്രമത്തിനായി സര്‍ക്കാര്‍ അതിഥിസമന്ദിരം അന്വേഷിച്ചു. കണ്ടുപിടിച്ച് എത്തിയപ്പോള്‍ പൂട്ടിക്കിടക്കുന്നു. ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും അവരെത്തും മുന്‍പ് മന്ത്രിയും സംഘവും ഇങ്ങനെ ഉള്ളില്‍കടന്നു. ഓടിക്കിതച്ചെത്തിയ എക്സിക്യൂട്ടിവ് എന്‍ജിനീയറോട് വിവരം തിരക്കിയപ്പോള്‍ , മെട്രോ പദ്ധതിക്കായി കൈമാറുന്ന 17 ഏക്കര്‍ ഭൂമിയില്പെട്ടതിനാല് പൂട്ടിയതാണെന്നും പകരം റസ്റ്റ് ഹൗസ് കളമശേരിക്കടുത്ത് പത്തടിപ്പാലത്ത് തുറന്നിട്ടുണ്ടെന്നും മറുപടി കിട്ടി.
പക്ഷെ മന്ത്രി വിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് പൂട്ടിയതെന്ന് വിശദീകരിച്ച ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് മുഴുവന്‍ രേഖകളും വാങ്ങി പരിശോധിച്ചു. മെട്രോ പദ്ധതിക്ക് ആവശ്യമെങ്കില്‍ ഭൂമിയും കെട്ടിടവും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് മന്ത്രി നിലപാട് വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഈ നടപടികളൊന്നും തന്നെ അറിയിച്ചിട്ടില്ല. വിശദ പരിശോധനക്കായി ഫയലുകള്‍ താന്‍ കൊണ്ടുപോകുകയാണെന്ന് മന്ത്രി കുറിച്ചുകൊടുത്തു.