കേന്ദ്രസർക്കാർ ഗുജറാത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കറുത്ത തട്ടമിട്ടതിന്റെ പേരിൽ വിലക്കേർപ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് പരാതിനൽകുന്നത് ആലോചിക്കുമെന്ന് സംസ്ഥാനത്ത് നിന്നുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ. ശിരോവസ്ത്രം വിലക്കിയതിനെതിരെ വയനാട്ടിലും കോഴിക്കോട്ടും പ്രതിഷേധപ്രകടനം നടന്നു.
ലോകവനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ശേഷം ഇന്നാണ്, സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികൾ നാട്ടിൽ തിരിച്ചെത്തിയത്. സ്വച്ഛ് ശക്തിക്യാംപില് പങ്കെടുക്കാനെത്തിയ തങ്ങൾക്ക് കറുത്ത തട്ടമിട്ടതിന്റെ പേരിൽ കടുത്ത അവഹേളനമാണ് നേരിടേണ്ടിവന്നതെന്ന് പ്രസിഡന്റുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. ശിരോവസ്ത്രം വിലക്കിയതിനെതിരെ വയനാട്ടിലും കോഴിക്കോട്ടും വലിയ പ്രതിഷേധവും നടന്നു.പാർട്ടിതലത്തിലെ കൂടിയാലോചനകൾക്ക് ശേഷമാവും ആർക്കൊക്കെ പരാതി നൽകണമെന്നകാര്യം അന്തിമമായി തീരുമാനിക്കുക.