തമിഴ്നാട്ടിലെ എന്നൂര് തുറമുഖത്തിന് സമീപം ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ എണ്ണച്ചോര്‍ച്ച പരിഹരിക്കാന്‍ വൈകുന്നു. എണ്ണ നീക്കം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. കടല്‍ത്തീരത്തോട് ചേര്‍ന്ന് എണ്ണ കെട്ടിക്കിടക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം മല്‍സ്യ ബന്ധനത്തെയും ബാധിച്ചു.
ബക്കറ്റുപയോഗിച്ചും മോട്ടറുകള്‍ ഉപയോഗിച്ചുമാണ് എണ്ണ നീക്കം ചെയ്യുന്നത്. ഇതുവരെ 60 ടണ്‍ എണ്ണയാണ് നീക്കം ചെയ്തത്. ഇനി 10 ടണ്‍ കൂടി ബാക്കിയുണ്ട്. അതേ സമയം എണ്ണ ചോര്‍ച്ച മൂലം മീന്‍ പിടിക്കാന്‍ പോകാനാകാതെ ദുരിതത്തിലാണ് മല്‍സ്യ തൊഴിലാളികള്‍.
പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഡിഎംകെ അവശ്യപ്പെട്ടിട്ടുണ്ടെകിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.