E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മരിച്ചിട്ടും ഞങ്ങളുടെ ഉപ്പയോട് എന്തിനാണിതു ചെയ്തത്...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pm-ahamad
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘മരിച്ചിട്ടും എന്റെ മകനെ മഴയത്ത് നിർത്തിയതെന്തിനാണ്’ - കാണാതായ മകനെക്കുറിച്ചുള്ള വ്യർഥമായ അലച്ചിലിനൊടുവിൽ ഈച്ചര വാരിയർ ചോദിച്ച കണ്ണീർച്ചൂടുള്ള ചോദ്യം കേട്ട് കേരളത്തിന്റെ ഉള്ളുപൊള്ളിയിട്ടുണ്ട്. അതേ തീവ്രതയോടെ ഡോ.ഫൗസിയ ഷർസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു- ‘ലൂക്കാസ് (ഹൃദയാഘാതം ഉണ്ടാകുമ്പോൾ നെഞ്ചിലിടിക്കാനുള്ള ഉപകരണം) ഇടിച്ചു ചതച്ച ആ ശരീരത്തിന്റെ അവസ്ഥ കണ്ടോ?. മരിച്ചിട്ടും ഞങ്ങളുടെ ഉപ്പയോട് എന്തിനാണിതു ചെയ്തത്?’... ഡൽഹിയിലെ തീൻമൂർത്തി മാർഗിലെ ഒൻപതാം നമ്പർ വസതിയിൽ പൊതുദർശനത്തിനുവച്ച കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ ഭൗതിക ശരീരത്തിൽ ആദരാ‍ഞ്ജലി അർപ്പിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. 

കണ്ണീരിൽ ഇടറിയതെങ്കിലും ഉറച്ച ശബ്ദത്തിൽ അതു ചോദിച്ച ഫൗസിയ, ഇ.അഹമ്മദിന്റെ മകളാണ്. അദ്ദേഹം കാൽനൂറ്റാണ്ടിലേറെക്കാലം അംഗമായിരുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നിന്ന് വിളിച്ചാൽ കേൾക്കാവുന്ന അകലത്തിലുള്ള റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ നേരിട്ട, മണിക്കൂറുകൾ നീണ്ട അവഗണനയിലും തിരസ്കാരത്തിലുമുള്ള പ്രതിഷേധമായിരുന്നു ആ ശബ്ദം. തിങ്കളാഴ്ച രാവിലെ 11.30 മുതൽ ബുധനാഴ്ച പുലർച്ചെ രണ്ടര വരെ ആർഎംഎൽ ആശുപത്രിയിൽ എന്താണു സംഭവിച്ചത്?... അന്ന് രാത്രി ആശുപത്രിയിൽ പലർ, പലവട്ടം, പലതവണയായി ഒരേ വാചകം പറഞ്ഞു- ഇന്ത്യയിലെ ഒരു പൗരനോടും ഇങ്ങനെയൊന്നും ചെയ്യരുത്. 

അവസാന യാത്ര

രണ്ടര പതിറ്റാണ്ടിലേറെയായി ഇ. അഹമ്മദിന്റെ ജീവിതത്തിന്റെ ഭാഗമാണു കോഴിക്കോട് - ഡൽഹി വിമാന യാത്ര. ഞായറാഴ്ച രാത്രിയാണു അവസാനമായി കോഴിക്കോട് നിന്ന് ഡൽഹിയിൽ വിമാനമിറങ്ങിയത്. പി.വി.അബ്ദുൽ വഹാബ് എംപിയും കൂടെയുണ്ടായിരുന്നു. ആറു മണിക്കൂർ നീണ്ട യാത്രയിലുടനീളം തമാശ പറഞ്ഞും പഴയ കാര്യങ്ങൾ ഓർത്തും അഹമ്മദ് സാഹിബ് നല്ല മൂഡിലായിരുന്നുവെന്നു വഹാബ് ഓർമിക്കുന്നു. ഡൽഹിയിലേക്കു പുറപ്പെടും മുൻപ് അവസാനമായി പങ്കെടുത്ത ചടങ്ങുകളിലൊന്നു പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ വിരുന്നായിരുന്നു. അന്ന്, യാത്ര പറയുന്നതിനു മുൻപ് പാണക്കാട് ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങളെ പതിവില്ലാതെ രണ്ടാം തവണയും ആശ്ലേഷിച്ചു. മതിവരാത്ത പോലെ, വിരുന്നിനു ശേഷവും ഒരുപാട് സമയമിരുന്നു തങ്ങൾ കുടുംബാംഗങ്ങളോട് പിന്നെയും പിന്നെയും സംസാരിച്ചു. 

തിങ്കളാഴ്ച രാവിലെ, പതിനൊന്നു മണിയോടടുപ്പിച്ചാണു തീൻമൂർത്തി മാർഗിലെ ഒൻപതാം നമ്പർ വസതിയിൽ നിന്നു പാർലമെന്റിലേക്ക് അവസാനമായി യാത്ര പുറപ്പെട്ടത്. മാസങ്ങളായി അവശതയുള്ളതിനാൽ നടക്കുമ്പോൾ സന്തത സഹചാരി ഷഫീഖിന്റെ കൈപിടിക്കുമായിരുന്നു. അന്ന് അതു വേണ്ടിവന്നില്ല. അദ്ദേഹം പതിവിലും ഉൽസാഹത്തിലായിരുന്നു. പാർലമെന്റിലെത്തിയപ്പോൾ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം തുടങ്ങിയിരുന്നു. അതിനാൽ, പതിവ് തെറ്റിച്ച് അവസാന നിരയിലെ സീറ്റുകളിലൊന്നാണിരുന്നത്. രാഷ്ട്രപതി പ്രസംഗം തുടരുന്നതിനിടെ, അര മണിക്കൂറിനകം അഹമ്മദ് കുഴഞ്ഞു വീണു. പിൻ നിരയിലായിരുന്നതിനാൽ അധികമാരും അതു കണ്ടില്ല. പാർലമെന്റ് മെഡിക്കൽ വിഭാഗം ഉടൻ സ്ട്രെച്ചറിലേക്കു മാറ്റി ആർഎംഎൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.

 പ്രാർഥിക്കൂ, അതു മാത്രമാണു ചെയ്യാനുള്ളത്

റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ആദ്യം ഐസിയുവിലാണു പ്രവേശിപ്പിച്ചത്. വാഹനത്തിൽ ഷഫീഖ് കൂടെയുണ്ടായിരുന്നു. ഡോക്ടർമാരുടെ വാക്കുകളിലെ പ്രതീക്ഷയില്ലായ്മ തിരിച്ചറിഞ്ഞ അദ്ദേഹം കലിമ (വിശുദ്ധ വചനം) ചൊല്ലിക്കൊടുത്തു. ഇ.ടി.മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള എംപിമാർ ഉടൻ ആശുപത്രിയിലെത്തി. അൽപ്പ സമയത്തിനകം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെത്തി. പുറത്തിറങ്ങിയ ശേഷം, കൂടി നിന്നവരോടായി അദ്ദേഹം പറഞ്ഞു- പ്രാർഥിക്കൂ. സംസാരത്തിൽ പ്രതീക്ഷയുടെ സ്വരമില്ലായിരുന്നു. ഇതിനിടെ, ആശുപത്രിയിലെ ഡോക്ടർമാരിലൊരാളും മരണം സംഭവിച്ചുവെന്ന രീതിയിൽ എംപിമാരുൾപ്പെടെയുള്ളവരോട് സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയോടും അങ്ങനെ അറിയിച്ചതായി അദ്ദേഹം പറയുന്നു. 

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദർ സിങ്ങാണ് ആശുപത്രിയിലേക്കു മാറ്റാനുള്ള നടപടികൾക്കു നേതൃത്വം നൽകിയത്. പ്രതീക്ഷയ്ക്കു വകയില്ലെന്ന സൂചനകൾക്കു ശേഷം ജിതേന്ദർ സിങ്ങും ആശുപത്രി അധികൃതരും തമ്മിൽ രഹസ്യ ചർച്ച നടന്നു. ഈ സമയത്ത് എംപിമാരെയും മറ്റും അക്ഷരാർഥത്തിൽ ഇരുട്ടിൽ നിർത്തി. ദുഖവാർത്ത ഉൾക്കൊണ്ട ലീഗ് എംപിമാർ പാണക്കാട് തങ്ങളേയും കേരളത്തിലെ മറ്റു ലീഗ് നേതാക്കളെയും വിവരമറിയിക്കുന്നതിനെക്കുറിച്ച് ചർച്ച തുടങ്ങി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനെക്കുറിച്ചും ആലോചനയുണ്ടായി. ഇതിനിടെ ഗുരുതരാവസ്ഥയിലാണെന്ന വിവരം വിദേശത്തുള്ള മക്കളെ വിളിച്ച് അറിയിച്ചിരുന്നു.

 ദുരൂഹ മാറ്റം

ജിതേന്ദർ സിങ്ങും ഡയറക്ടറും തമ്മിലുള്ള ചർച്ചയ്ക്കു ശേഷം അപ്രതീക്ഷിമായ വാർത്തയാണു ഇവർക്കു ലഭിച്ചത്- അഹമ്മദിനെ ട്രോമാകെയർ ഐസിയിലേക്കു മാറ്റിയിരിക്കുന്നു. വെന്റിലേറ്റർ, പേസ് മേക്കർ സംവിധാനങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു. സാധാരണ ഗതിയിൽ രോഗികളുടെ അടുത്ത ബന്ധുക്കളുമായി ആലോചിച്ച ശേഷമാണു വെന്റിലേറ്ററിലേക്കു മാറ്റാനുള്ള തീരുമാനമുണ്ടാകുന്നത്. എന്നാൽ, ലീഗ് എംപിമാരുൾപ്പെടെയുള്ളവരോട് ചോദിക്കുകപോലും ചെയ്യാതെയായായിരുന്നു ഇപ്പോഴത്തെ തീരുമാനം. ഇതോടെ, ബുധനാഴ്ച നടക്കുന്ന ബജറ്റ് സമ്മേളനം മാറ്റിവയ്ക്കേണ്ടിവരുന്നതു ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശപ്രകാരം ആശുപത്രി അധികൃതർ മരണ വിവരം മറച്ചുവയ്ക്കുകയാണെന്ന അഭ്യൂഹം വ്യാപകമായി പ്രചരിച്ചു. 

 ഒറ്റ നോട്ടീസ് മാത്രം

ഇ.അഹമ്മദ് ഗുരുതരാവസ്ഥയിൽ. വെന്റിലേറ്റർ, പേസ് മേക്കർ എന്നിവയുടെ സഹായത്തോടെ ജീവൻ നിലർത്താൻ ശ്രമിക്കുന്നു- ട്രോമാ ഐസിയുവിന്റെ പുറത്തെ ചില്ലിൽ പതിച്ച നോട്ടീസിൽ ഇങ്ങനെ എഴുതി. ട്രോമാ ഐസിയുവിലേക്കു മാറ്റിയതു മുതൽ ആരോഗ്യ നിലയെക്കുറിച്ച് അന്വേഷിക്കുന്നവർക്കുള്ള മറുപടി ഇതുമാത്രമായിരുന്നു. ഇതിനിടെ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ആരെയും അകത്തേക്കു കടക്കാൻ അനുവദിച്ചില്ല. സ്വകാര്യ സുരക്ഷാ ജീവനക്കാർ പുറത്ത് കാവൽ നിന്നു. സ്ഥലത്തെത്തിയ ഒരു കേന്ദ്ര സഹമന്ത്രിയെ മറ്റു എംപിമാർ നിൽക്കുന്ന ഭാഗത്തേക്കു പോലും പ്രവേശിപ്പിക്കാതെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. എംപിമാരെ മാത്രം അകത്തിവിട്ടാൽ മതിയെന്നു നിർദേശമുണ്ടെന്നായിരുന്നു സുരക്ഷാ ജീവനക്കാരന്റെ ന്യായം. ഇദ്ദേഹം മന്ത്രിയാണെന്നു സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരിലൊരാൾ പറഞ്ഞോപ്പാഴാണു ഗാർഡ് വഴങ്ങിയത്. ആരോഗ്യ നിലയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ ഉത്തരം ലഭിക്കാതായതോടെ ലീഗ് നേതാക്കളും ദുരൂഹത മണത്തു. 

എനിക്ക് എന്റെ ഉപ്പയെ കാണണം

ദുബൈ വനിതാ മെഡിക്കൽ കോളജിലെ പ്രഫസറായ മകൾ ഡോ.ഫൗസിയ ഷർസാദും ഭർത്താവ് ഡോ.ബാബു ഷർസാദും ഒൻപതു മണിയോടെ ആശുപത്രിയിലെത്തി. മകളാണെന്നും കാണണമെന്നും പറഞ്ഞപ്പോൾ ആരെയും കടത്തിവിടരുതെന്നാണു നിർദേശമെന്നായിരുന്നു മറുപടി. ആരുടെ നിർദേശമെന്നു ചോദിച്ചപ്പോൾ ഉത്തരം മൗനം മാത്രം. ഒരു മണിക്കൂറോളം സുരക്ഷാ ജീവനക്കാർ മാത്രമാണു ഇവരോട് സംസാരിച്ചത്. പിന്നീട് അധികൃതരെ കണ്ടപ്പോഴും അകത്തു കടത്താനാവില്ലെന്നു നിലപാട് ആവർത്തിച്ചു. ഡോക്ടർമാരായ ഇരുവരുടേയും ചോദ്യങ്ങൾക്കു ഉത്തരം പറയാനാകാതെ അധികൃതർ പലപ്പോഴും കുഴങ്ങി. ഒടുവിൽ, ഉപ്പയുടെ അടുത്തു പോയി പ്രാർഥിക്കാനെങ്കിലും അനുവദിക്കണമെന്നു കേണപേക്ഷിച്ചിട്ടും കേട്ടില്ല. ഇതിനിടെ, കേന്ദ്ര മന്ത്രി അനന്ത് കുമാർ ഉൾപ്പെടെയുള്ളവരെ ലീഗ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈകാതെ മക്കളായ റയീസും നസീറുമെത്തി. ഇവരും ആവർത്തിച്ച് ആവശ്യത്തിനും അനുകൂല മറുപടിയുണ്ടായില്ല.

അഹമദ് പട്ടേൽ വരുന്നു

പത്തു മണിയോടെ, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമദ് പട്ടേൽ എത്തി. ഡോക്ടർ ഉടൻ എത്തിയില്ലെങ്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുമെന്നു അദ്ദേഹം ഒച്ചയെടുത്തു. അകത്തുണ്ടായിരുന്ന രണ്ടു ജൂനിയർ ഡോക്ടർമാർ എത്തി പരുങ്ങി നിന്നു. എന്തു കൊണ്ടാണു മക്കളെ കാണാൻ അനുവദിക്കാത്തതെന്നു ചോദിച്ചപ്പോൾ ഉത്തരമുണ്ടായില്ല. അഹമ്മദ് പട്ടേലിന്റെ ഫോണിൽ മക്കൾ സോണിയാ ഗാന്ധിയുമായി സംസാരിച്ചു. ഞാൻ ഇതാ എത്തിയെന്നു പറഞ്ഞ സോണിയാ ഗാന്ധി. ഇരുപതു മിനിറ്റിനകം ആശുപത്രിയിലെത്തി. പുറത്ത് തണുപ്പ് പിടിമുറുക്കുമ്പോൾ ആശുപത്രിക്കകത്തെ അന്തരീക്ഷം ചൂടുപിടിച്ചുവരികായിരുന്നു. ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തി. വിവരമറിഞ്ഞ് മാധ്യമ പ്രവർത്തകരും സ്ഥലെത്തി. തങ്ങളുടെ ദുരനുഭവം മക്കൾ അവർക്കു മുന്നിൽ കണ്ണീരോടെ വിവരിച്ചു. നാലു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച ഒരാളോട് ഇതു പാടില്ലായിരുന്നുവെന്നു ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഇതിനിടെ, തങ്ങളെ കാണാൻ സമ്മതിക്കുന്നില്ലെന്നു കാണിച്ച് മക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

 ക്ഷോഭിച്ച് സോണിയ സോണിയയ്ക്കു മുന്നിലും ആശുപത്രി അധികൃതർ ഉരുണ്ടുകളി തുടർന്നു. സഹികെട്ട് ഒരു ഘട്ടത്തിൽ അവർ ചോദിച്ചു. അകത്ത് കിടക്കുന്നത് ആരാണെന്നു നിങ്ങൾക്ക് അറിയുമോ? അദ്ദേഹം തീവ്രവാദിയോ, പിടികിട്ടാപ്പുള്ളിയോ ആണോ?. ഞാൻ ഇന്ത്യയിലെത്തിയിട്ടു നാൽപതു വർഷത്തിലേറെയായി.എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി വന്നു. സോണിയാ ഗാന്ധിയെ സ്നേഹപൂർവ്വം ശാസിച്ചു. തണുപ്പാണ്. ഇനിയും ഇവിടെ നിന്ന് അസുഖം കൂട്ടരുത്. ഞങ്ങളെല്ലാം ഇവിടെയുണ്ടല്ലോയെന്നു മറ്റു നേതാക്കളും നിർബന്ധിച്ചപ്പോൾ സോണിയാ പോകാൻ സമ്മതിച്ചു. കൂപ്പുകൈകളോടെ നന്ദി അറിയിച്ച ഫൗസിയയെ ചേർത്തുപിടിച്ച് നെറുകിൽ ഒരുമ്മ നൽകിയാണു യാത്ര പറഞ്ഞത്.

 പരിശോധനയ്ക്കു സമ്മതം

മക്കൾക്കു അഹമ്മദിനെ കാണാൻ അനുവാദം നൽകിയില്ലെങ്കിൽ ഐസിയുവിനു മുന്നിൽ കുത്തിയിരിക്കാൻ പോകുകയാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു.ഇതോടെ, സൂപ്രണ്ട് ഓടിക്കിതച്ചെത്തി. പരാതി പ്രകാരം പൊലീസും സ്ഥലത്തെത്തി. ഐസിയുവിനു പുറത്തെ ഡോക്ടർമാരുടെ മുറിയിൽ രാഹുലും കുടുംബാംഗങ്ങളുമായി പൊലീസ് സാന്നിധ്യത്തിൽ അധികൃതർ ചർച്ച നടത്തി. ഡോക്ടർ കൂടിയായ മരുമകൻ ബാബു ഷെർസാദിന്റെ സാന്നിധ്യത്തിൽ ബ്രെയിൻ വേവ് (തലച്ചോർ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധന) പത്തുമിനിറ്റിനകം നടത്താമെന്നു സമ്മതിച്ചു. പ്രശ്നങ്ങൾ അവസാനിച്ചുവെന്നു എല്ലാവരും ആശ്വസിച്ചു. രാഹുലും മറ്റു കോൺഗ്രസ് നേതാക്കളും മടങ്ങി. എംപിമാരായ എം.കെ.രാഘവൻ, ആന്റോ ആന്റണിയും ലീഗ് നേതാക്കളും തുടർന്നു. അപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. അഹമ്മദിന്റെ ആരോഗ്യ നിലയെക്കുറിച്ച് എന്തെങ്കിലും വിവരം പുറത്തുവന്നിട്ട് ആറു മണിക്കൂറിലേറെയും.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പത്തു മിനിറ്റ്

പത്തു മിനിറ്റിനകം ബ്രെയിൻ വേവിങ് നടത്താമെന്നു പറഞ്ഞെങ്കിലും രണ്ടു മണിയായിട്ടും നടപടിയൊന്നുമുണ്ടായില്ല. ഉറപ്പു നൽകിയ സൂപ്രണ്ടിനെ വിളിച്ചു നോക്കിയെങ്കിലും ഫോൺ പരിധിക്കു പുറത്ത്. ഇതോടെ, ക്ഷമയും കാത്തിരിപ്പിന്റെയും പരിധി വിട്ടു. ചികിൽസയിൽ തൃപ്തിയില്ലെന്നും ആശുപത്രി മാറ്റുകയാണെന്നും പറഞ്ഞ് അപേക്ഷ നൽകാൻ തീരുമാനിച്ചതു ഇതോടെയാണ്. മക്കൾ ഇത് എഴുതി നൽകി. പത്തു മിനിറ്റിനകം തീരുമാനമുണ്ടാക്കാമെന്നു പൊലീസ് പറഞ്ഞു. എംപിമാരുൾപ്പെടെയുള്ളവർ ട്രോമാ ഐസിയുവിനു മുന്നിൽ കൂടിനിന്നു. ശാന്തസ്വഭാവക്കാരനായ എം.കെരാഘവൻ പൊട്ടിത്തെറിച്ചു. ഇനിയും തീരുമാനമുണ്ടാക്കിയില്ലെങ്കിൽ തങ്ങൾ ബലംപ്രയോഗിച്ച് അകത്തു കയറുമെന്നു കുറച്ചുറക്കെത്തന്നെ പറഞ്ഞു. ഇതോടെ, ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന തടിമാടന്മാർ കൂട്ടത്തോടെ സ്ഥലത്തെത്തി അങ്ങിങ്ങായി മാറിനിന്നു. ചിലർ ഇടപെടാൻ ശ്രമിച്ചപ്പോൾ എല്ലാവരും ഒരുമിച്ചു ചെറുത്തു. 

കാവൽ നിന്നിരുന്ന പൊലീസുകാരൻ അകത്തേക്കു പോയി. പത്ത് മിനിറ്റിനു ശേഷം തീരുമാനമെന്നു വീണ്ടും ആവർത്തിച്ചു. ഇനി ഒരു പത്തുമിനിറ്റില്ലെന്നും ഇതു അന്ത്യശാസനമാണെന്നും എംപിമാർ പറഞ്ഞു. കൃത്യം 2.10ന് പൊലീസുകാരൻ പുറത്ത് വന്നു പറഞ്ഞു- കുടുംബാംഗങ്ങളിലെ ഡോക്ടർക്കു മാത്രം അകത്തുവരാം. മരുമകൻ ഡോ.ബാബു അകത്തുകടന്നു. അതുവരെ പ്രാർഥനാമന്ത്രങ്ങൾ ഉരുവിട്ട്, ദുഖം കടിച്ചമർത്തി ഇരിക്കുകയായിരുന്നു ഫൗസിയയും കൂടെപ്പോകണമെന്നു ശഠിച്ചു. ഉപ്പയെ കാണണമെന്നു മറ്റു മക്കളും വാശിപിടിച്ചു. തടയാൻ ശ്രമിച്ചെങ്കിലും പിന്നീട് അവരെയും കടത്തിവിട്ടു. 

പതിനഞ്ചു മിനിറ്റിനു ശേഷം പുറത്തേക്കുവന്ന ബാബു ഷർസാദിന്റെ മുഖത്ത് എല്ലാമുണ്ടായിരുന്നു. അദ്ദേഹം അതു വാക്കിലേക്കു പകർത്തി- അദ്ദേഹം ഓർമയായിരിക്കുന്നു. ഉപ്പ എപ്പോഴോ മരിച്ചു എന്നാണു ബാബു ഷർസാദ് പറഞ്ഞത്. ഡോക്ടർമാർ സ്ഥിരീകരിച്ചോയെന്നായി മാധ്യമ പ്രവ‍ർത്തകർ. ഞാൻ ഒരു ഡോക്ടറാണ്. എനിക്കറിയാം. മരണം സംഭവിച്ച ശേഷവും കൃത്രിമ ശ്വസന ഉപകരണങ്ങൾ ഉപയോഗിച്ചതിനാൽ ഭൗതിക ശരീരം കണ്ടാൽ തിരിച്ചറിയാത്ത വിധം വികൃതമായെന്നു അദ്ദേഹം പരിതപ്പിച്ചു. തങ്ങളെ കാണിക്കുമ്പോൾ ഈ ഉപകരണങ്ങളെല്ലാം മാറ്റിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന മക്കൾ കണ്ണീരോടെ പരസ്പരം ആശ്ലേഷിച്ചു. തൊട്ടുപിന്നാലെ, 2.30ന് അകത്തുനിന്നു വന്ന ആശുപത്രി ജീവനക്കാരൻ വാർത്ത സ്ഥിരീകരിച്ചു- മരണം സംഭവിച്ചത് 2.15ന്. 

ഐക്യരാഷ്ട്രസഭയിൽ വരെ ഇന്ത്യയുടെ ശബ്ദമായ ഒരു നേതാവിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള മണിക്കൂറുകൾ നീണ്ട ദുരൂഹ മൗനത്തിനു അതോടെ അവസാനമായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബാം ചെയ്യുന്നതിനായി മൃതദേഹവുമായി എയിംസിലേക്കു ആംബുലൻസ് പുറപ്പെടുമ്പോൾ സമയം നാലു മണി കഴിഞ്ഞിരുന്നു. ജീവിതത്തിലുടനീളം കുലീനത അഹമദിന്റെ മുഖമുദ്രയായിരുന്നു. പാർലമെന്റിനുള്ളിൽ, സഭ സമ്മേളിക്കുന്നതിനിടെ കുലീനമായി തന്നെ മരണത്തിലേക്കു അദ്ദേഹം നടന്നുപോയി. അദ്ദേഹം ഉറപ്പായും അർഹിച്ചിരുന്ന ആ കൂലീനത അന്ത്യ നിമിഷങ്ങളിൽ തിരിച്ചുനൽക്കുന്നതിൽ ആരൊക്കെയോ പരാജയപ്പെട്ടു. അദ്ദേഹത്തെ അടുത്ത് പരിചയമുള്ളവരെല്ലാം മനസ്സിൽ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്- അഹമദ് സാഹിബിനോട് ഇതു വേണ്ടായിരുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :