അരിവിലവര്ധനയില് പൊറുതിമുട്ടിയവര്‍ക്ക് ഇരുട്ടടിയായി പാചകവാതകവിലവര്‍ധന. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 90 രൂപ കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപ കൂട്ടി. പാചകവാതക സബ്സിഡി ലഭിക്കുന്നവരെ വിലവര്‍ധന കാര്യമായി ബാധിക്കില്ല. പുതിയവില അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.
ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 90 രൂപ കൂട്ടി 764 രൂപ 50 പൈസയാക്കി. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 148 രൂപ വര്‍ധിപ്പിച്ച് 1388 രൂപയാക്കി. പാചകവാതക സബ്സിഡി ലഭിക്കുന്നവരെ വിലവര്‍ധന കാര്യമായി ബാധിക്കില്ല. വിലവര്‍ധനയ്ക്ക് ആനുപാതികമായ സബ്സിഡി തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. സബ്സിഡിഡി വേണ്ടെന്നുവച്ച കുടുംബങ്ങള്‍ക്കും, ഹോട്ടലുകള്‍ക്കും, കാറ്ററിങ് സര്‍വീസുകാര്‍ക്കും വിലവര്‍ധന കനത്ത തിരിച്ചടിയാകും.
ആഗോളവിപണിയില്‍ അസംസ്കൃത എണ്ണ വില കൂടിയതാണ് വിലവര്‍ധനയ്ക്കുള്ള എണ്ണക്കമ്പനികളുടെ ന്യായീകരണം. കഴിഞ്ഞമാസവും പാചകവാതക വില ഉയര്‍ത്തിയിരുന്നു. ഇതോടെ രണ്ടുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകവില 155 രൂപയും വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകവില 253 രൂപയും ഉയര്‍ന്നു.