കുമരകം∙ പച്ചക്കറികളുടെ വില കുതിച്ചുയരുമ്പോൾ കരിമീനിന്റെ വില താഴോട്ട്. വെസ്റ്റ് ഉൾനാടൻ മൽസ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ കരിമീനിനു കിലോയ്ക്ക് 10 രൂപയാണ് ഇന്നലെ കുറച്ചത്. കായലിൽ നിന്നുള്ള കരിമീനിന്റെ ലഭ്യത കൂടിയതോടെയാണ് വില കുറച്ചത്. 250 ഗ്രാമിനു മുകളിലുള്ള എ പ്ലസ് കരിമീനിനു 390 രൂപയാണിപ്പോൾ.
150 ഗ്രാം തൂക്കമുള്ള കരിമീനിനു 370 രൂപയും 100 ഗ്രാം തൂക്കമുള്ളവയ്ക്ക് 280 രൂപയുമാണ്. വേമ്പനാട്ടു കായലിൽ രാത്രി വലയിട്ടു പിടിക്കുന്ന കരിമീനാണ് തൊഴിലാളികൾ സംഘത്തിൽ നൽകുന്നത്. ദിവസം 150 കിലോ കരിമീൻ തൊഴിലാളികൾ നൽകുന്നുണ്ട്. കുമരകം റോഡ് വശത്തെ ചൂളപ്പടിയിലുള്ള സംഘം ഹെഡ് ഓഫിസിനു പുറമേ ചീപ്പുങ്കലിലും ചന്തക്കവലയ്ക്ക് പടിഞ്ഞാറുമുള്ള ശാഖകളിലും വിൽപനയുണ്ട്. പ്രാദേശിക വിൽപന കഴിഞ്ഞുള്ള കരിമീൻ മൽസ്യഫെഡിനു നൽകുമെന്നു സംഘം പ്രസിഡന്റ് കെ.കെ. രാജപ്പൻ പറഞ്ഞു.