സംസ്ഥാനസ്കൂള്‍ കലോല്‍സവം നടക്കുന്ന കണ്ണൂരില്‍ കൊലപാതകവും ഹര്‍ത്താലും. ആര്.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. പ്രതിഷേധപ്രകടനം നഗരത്തില്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. തലശേരിയില്‍ കൊല്ലപ്പെട്ട സന്തോഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കണ്ണൂരില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. കൊലയ്ക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചെങ്കിലും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം. പ്രതികരിച്ചു.
ഇന്നലെ അര്‍ധരാത്രിയാണ് വെട്ടേറ്റ അണ്ടല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സന്തോഷ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കൊല്ലപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം അണ്ടല്ലൂരിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഗ്രനേഡ് പ്രയോഗിച്ചു.
നഗരത്തിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതസംവിധാനം നിലച്ചു.കലോല്‍സവത്തെ ബാധിക്കാതെ പ്രതിഷേധം നിയന്ത്രിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജി പറഞ്ഞു. തളിപ്പറമ്പിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായി. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വിശദീകരിച്ചു. കലോല്സവനഗരിയിലും നഗരത്തിലും പൊലീസ് സുരക്ഷകര്ശനമാക്കി.