റിപ്പബ്ലിക് ദിനത്തിൽ അപൂർവതയായി എല്ലാ പാർട്ടി ഓഫീസുകളിലും സിപിഐയുടെ ദേശീയപതാക ഉയർത്തൽ. ദേശീയ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയപതാക ഉയർത്തിയത്. ദേശീയ ചിഹ്നങ്ങളെ വർഗീയസംഘടനകൾ ദുരുപയോഗപ്പെടുത്തുന്നതിനെതിരെയുള്ള പ്രതിരോധമാണു തീരുമാനത്തിനു പിന്നിലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
രാജ്യം റിപ്പബ്ലിക് ആയതിനുശേഷം ദേശീയപതാകയെ അംഗീകരിക്കുന്നുണ്ടെങ്കിലും അപൂർവമായേ, സ്വന്തം ഓഫീസുകളിൽ സിപിഐ ഉയർത്താറുള്ളൂ. സ്വാതന്ത്ര്യത്തിന്റെ അമ്പതാം പിറന്നാളിനായിരുന്നു ഒടുവിൽ. സംസ്ഥാനത്ത് എംഎൻ സ്മാരകം മുതൽ പ്രാദേശിക ഓഫീസുകളിൽ വരെ 68ാം റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാക ഉയർത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ വേരുറപ്പിക്കാന്‍ ബിജെപി ദേശീയതയെ കൂട്ടുപിടിക്കുകയാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇതിനെ നേരിടുന്നതിനുള്ള സമരമാർഗംകൂടിയാണ് പാർട്ടിക്ക് റിപ്പബ്ലിക് ദിനത്തിലെ ദേശീയപതാക ഉയർത്തൽ.