മുസ്്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ വന്‍ അഴിച്ചു പണി. നിയമസഭാ കക്ഷി നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഖാദര്‍ മൊയ്തീനാണ് പുതിയ അധ്യക്ഷന്‍. ദൈനംദിന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ രാഷ്ട്രീയ കൂടിയാലോചനാ സമിതിയ്ക്കും രൂപം നല്കി.
ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചെന്നൈയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗമാണ് പുതിയ ഭാരവാഹികളെ തിരുമാനിച്ചത്. നിയമസഭാ കക്ഷി നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് ദേശീയ ജനറല്‍ സെക്രട്ടറി. ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ദേശീയ നേതൃത്വവും കുഞ്ഞാലിക്കുട്ടി എറ്റെടുക്കുന്നത്. ഇതോടെ മലപ്പുറം മണ്ഡലത്തിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മല്സരിയ്ക്കാനുള്ള സാധ്യത ഏറി. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഉചിതമായ സമയത്ത് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദര്‍ മൊയ്ദീനാണ് പുതിയ ദേശീയ അധ്യക്ഷന്‍. ട്രഷററായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെയും തിരഞ്ഞെടുത്തു. ദേശീയ, സംസ്ഥാന രാഷ്്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പതിനൊന്നംഗ രാഷ്ട്രീയ കൂടിയാലോചനാ സമിതിയ്ക്കും രൂപം നല്കി. ഹൈദരലി ശിഹാബ് തങ്ങളാണ് സമിതിയുടെ അധ്യക്ഷന്‍.