ഓസ്ട്രേലിയയില്‍ മലയാളി വൈദികനെതിരെ വംശീയ ആക്രമണം. മെല്‍ബണിലെ പള്ളി വികാരിയായ ഫാദര്‍ ടോമി കളത്തൂരിനെ തദ്ദേശീയനായ മധ്യവയസ്കന് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചശേഷമായിരുന്നു ആക്രമണം.
കുര്‍ബാനയ്ക്ക് തൊട്ടുമുന്‍പ് പള്ളിക്കുള്ളില്വച്ചാണ് മധ്യവയസ്കനായ അക്രമി ഫാദര്‍ ടോമി കളത്തൂരിനെ കത്തികൊണ്ട് കുത്തിയത്. ഇന്ത്യക്കാരനാണോയെന്നും ഹിന്ദുവാണോയെന്നും ചോദിച്ച ശേഷമായിരുന്നു ആക്രമണം. വൈദികന് ഒഴിഞ്ഞുമാറിയതുകൊണ്ട് ആഴത്തില്‍ മുറിവേറ്റില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാദര്‍ ടോമി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
കോഴിക്കോട് താമരശേരി സ്വദേശിയാണ് ഫാദര്‍ ടോമി കളത്തൂര്‍. മെല്‍ബണ്‍ അതിരൂപതയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദികനെ ആഴ്ചകളോളം നിരീക്ഷിച്ചശേഷമാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. പ്രതി അക്രമത്തിനുശേഷം പള്ളിയില്‍വച്ചുതന്നെ പൊലീസിന് കീഴടങ്ങി.