സിനിമാ പ്രവർത്തകർ ഒരുമിച്ചു താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നു പൊലീസ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത യുവാവ് നടിയെ ഉപദ്രവിച്ച കേസിലെ പ്രതിയെന്നു സംശയിക്കുന്നു. സംവിധായകൻ കൂടിയായ യുവനടന്റെ ഫ്ലാറ്റിൽ പ്രതി ഒളിച്ചു താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത യുവാവിനു കേസുമായി ബന്ധമുണ്ടെങ്കിൽ ഫ്ലാറ്റിന്റെ ഉടമയെ പൊലീസിന് അറസ്റ്റ് ചെയ്യാം.
ഇതിനിടെ ഇന്നലെ വൈകിട്ട് ആലുവയിൽ പൊലീസിനെ കണ്ടു കാർ ഉപേക്ഷിച്ചു കടന്നുകളഞ്ഞവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. രണ്ടുപേരാണ് ഈ കാറിലുണ്ടായിരുന്നത്. കാർ ഉപേക്ഷിച്ചു മതിൽ ചാടി ഓടിയ രണ്ടുപേർ പിന്നീട് ഓട്ടോറിക്ഷയിൽ പോയതായി ദൃക്സാക്ഷികൾ മൊഴിനൽകി. സമീപത്തെ കടക്കാരെ പൊലീസ് രണ്ടുപേരുടെ ചിത്രങ്ങൾ കാണിച്ചു തെളിവെടുപ്പു നടത്തി. ഇതിൽ ഒരാളെ കടക്കാർ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. തൃശൂർ സ്വദേശിയായ ഒരാളുടെ കാറാണ് ഇവർ ഉപേക്ഷിച്ചത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.