നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍. നടിയെ ആക്രമിച്ച ശേഷം രക്ഷപെടുംമുമ്പ് കൊച്ചിയില്‍ ഒരാളുമായി സുനി കൂടിക്കാഴ്ചയ്ക്ക് എത്തിയതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിര്‍ത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയം ബലപ്പെടുന്നു. സുനി കൂടിക്കാഴ്ച നടത്തിയതായി മണികണ്ഠനും മൊഴി നല്കി.
അതേസമയം, കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന് പൊലീസിനോട് വെളിപ്പെടുത്തി. നടിയുടെ മൊഴിയിലും സമാനമായ പരാമര്‍ശമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല.
നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന് ആദ്യം പൊലീസിന് മൊഴിനല്‍കിയത് . എന്നാല്‍ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്റെ പുതിയ വെളിപ്പെടുത്തല്‍ .സംഭവദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
നടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം ഇക്കാര്യം ആവര്‍ത്തിച്ചതായും മണികണ്ഠന്റെ മൊഴിയിലുണ്ട് . എന്നാല്‍ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ തയാറായില്ലെന്നും മണികണ്ഠന് പൊലീസിനോട് പറഞ്ഞു. പള്‍സര്‍സുനിയുടെ ഈ ഭീഷണിയെപ്പറ്റി മണികണ്ഠന് പറഞ്ഞതിനോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ നടിയും പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് ഇപ്പോഴും മുഖവിലയ്ക്കെടുത്തിട്ടില്ല . നടിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പള്സര്സുനിയുണ്ടാക്കിയ കള്ളക്കഥയാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.