രാവിലെ വീടിന് മുന്നിൽ വിഷുക്കിറ്റും കൈനീട്ടവും; ആരും കാല് പിടിക്കേണ്ട; നോബൽ മാതൃക

nobal-kumar
SHARE

‘കൊച്ചി വൈപ്പിനിലെ ചില വീടുകൾക്ക് മുന്നിൽ ഇന്ന് രാവിലെ ഒരു കവർ കണ്ടു. ഉറക്കമുണർന്ന് മുൻവാതിൽ തുറക്കുമ്പോൾ കൺമുന്നിൽ അതാ ഒരു കിറ്റ്. അതിൽ വിഷു ആഘോഷത്തിനുള്ള പായസക്കിറ്റും ഒപ്പം കൈനീട്ടമായി 101രൂപയും..’ കൈനീട്ടം തരുന്നവരുടെ കാലിൽ വീഴണ്ട, ആരാണ് കൈനീട്ടം തന്നത് എന്ന് പോലും ആ വീട്ടുകാർ അറിഞ്ഞില്ല. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി നോബല്‍ കുമാറാണ് ഈ വിഷുക്കിറ്റിന് പിന്നിൽ. ആരും എന്‍റെ കാലു പിടിക്കാനല്ല ഇത് ചെയ്തത്. തന്‍റെ ജീവിതത്തിലെ വിഷുക്കാലത്തുണ്ടായ ചില മോശം അനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹമാണ് ഈ നീക്കത്തിന്റെ പിന്നിലെന്ന് നോബല്‍ മനോരമ ന്യൂസിനോട് പറഞ്ഞു

നോബലിന്‍റെ വാക്കുകള്‍: ഒരു വിഷുവിന്റെ തലേ ദിവസം വീട്ടിൽ സാധനങ്ങൾ ഒന്നുമില്ലായിരുന്നു. കടയിലേക്ക് പോകാന്‍ അമ്മ പറഞ്ഞതുകേട്ട് പോയി. സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു ശേഷം കടക്കാരൻ കണക്കുകൂട്ടി ഇത്ര രൂപ എന്നു പറഞ്ഞു. കൈയ്യിലിരുന്ന പറ്റ് ബുക്ക് ഞാന്‍ അദ്ദേഹത്തിനു കൊടുത്ത ഉടനെ നേരെ അതെന്‍റെ മുഖത്തെറിഞ്ഞു. പത്ത് പൈസ തരാതെ ഒരു സാധനം പോലും തരില്ല എന്നും പറഞ്ഞു. ചെറിയ കുട്ടിയായ ഞാൻ കരഞ്ഞുകൊണ്ട് വീട്ടിലോട്ട് ഓടി. അമ്മയോട് കാര്യങ്ങൾ പറഞ്ഞു. അമ്മ എന്നെ ചേർത്തു പിടിച്ചു. അന്ന് നമുക്ക് കൈനീട്ടം തരാനോ പടക്കം വാങ്ങിച്ച് തരാനോ ആരുമുണ്ടായിരുന്നില്ല. ഇന്ന് എന്നാല്‍ കഴിയുന്നത് മറ്റുള്ളവര്‍ക്ക് ചെയ്ത് കൊടുക്കുന്നു. 

ഇന്ന് അതിരാവിലെ ആറുമണിയോടെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളുടെ വാതിലിൽ വിഷുകിറ്റ് െകാണ്ടുവച്ചു. അതിൽ ഒരു പായസക്കിറ്റും കൈനീട്ടമായി 101 രൂപയുമാണ് ഉണ്ടായിരുന്നത്. ഒന്നും ആകില്ലെന്ന് അറിയാം എങ്കിലും എന്നെ െകാണ്ട് കഴിയുന്ന ഒരു സഹായം. രാവിലെ കിറ്റ് കിട്ടിയ കുടുംബത്തിലെ ചിലർ എന്നെ വിളിച്ചിരുന്നു. അവര്‍ക്കും എനിക്കും സന്തോഷം. ഒരാളും എന്‍റെ കാലുപിടിക്കാന്‍ വേണ്ടിയല്ല ഇത് ചെയ്തത്’. നോബല്‍ പറഞ്ഞുനിര്‍ത്തി.

വൈപ്പിൻ മണ്ഡലത്തിൽ ചെറായിലെ ഒറ്റക്കു താമസിക്കുന്നവർ, കിടപ്പു രോഗികളുള്ള അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട കുരുന്നുകൾ, ഇവിടെ നേരിട്ട് അറിയാവുന പാവപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് നോബലിന്‍റെ വിഷുസമ്മാനപ്പൊതി ലഭിച്ചത്.

MORE IN KERALA
SHOW MORE