സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ; ഉത്തരവിനെതിരെ പ്രതിപക്ഷം

open-university
SHARE

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് പുറമെ മറ്റ് സര്‍വകലാശാലകളിലും വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ പ്രതിപക്ഷം. ഓപ്പണ്‍ സര്‍വകലാശാലയ്ക്കായി നിയമസഭ തയാറാക്കിയ നിയമത്തെ മറികടന്നാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്സുകള്‍ തുടങ്ങും വരെയാണ് നടപടിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു മറുപടി പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വന്നതോടെ മറ്റ് സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ തുടങ്ങരുതെന്നായിരുന്നു നിയമം. എന്നാല്‍ കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ മറ്റെല്ലാ സര്‍വകലാശാലകള്‍ക്കും വിദൂര കോഴ്സുകളും പ്രൈവറ്റ് റജിസ്ട്രേഷനും തുടരാന്‍ അനുമതി നല്‍കി. ഇതിനെതിരെയാണ് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉന്നയിച്ചത്.

ഓപ്പണ്‍ സര്‍വകലാശാലയിലെ കോഴ്സുകള്‍ക്ക് യു.ജി.സിയുടെ അംഗീകാരം ലഭിച്ച് വരുന്നതേയുള്ളു. അതുവരെ വിദൂര വിദ്യാഭ്യാസം നടന്നില്ലങ്കില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാകും. അത് പരിഹരിക്കാന്‍ നിയമോപദേശം തേടിയായിരുന്നു ഉത്തരവെന്നാണ് സര്‍ക്കാരിന്റെ മറുപടി.

നടപടി പിന്‍വലിക്കണമെന്ന് മുസ്ളീം ലീഗ് എം.എല്‍.എമാരും ആവശ്യപ്പെട്ടു. അതേസമയം കേരള സര്‍വകലാശാലയിലെ വിവാദ മലയാളം ലെക്സിക്കന്‍ മേധാവി നിയമനത്തെ ന്യായീകരിച്ചും മന്ത്രി സഭയില്‍ മറുപടി നല്‍കി. അടിയന്തിര സാഹചര്യത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. അതിനാല്‍ ചട്ടപ്രകാരമുള്ള യോഗ്യതമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതില്ലെന്നും ആ പദവിക്ക് വേണ്ട യോഗ്യത മേധാവിക്കുണ്ടെന്നുമാണ് മറുപടി.

MORE IN KERALA
SHOW MORE
Loading...
Loading...