മലയാളിയെ ഇന്നും മോഹിപ്പിച്ച് മോഹൻലാൽ; പിറന്നാൾ നിറവ്

mohanlal-21
SHARE

മോഹന്‍ലാല്‍ ഇന്ന്  ജിവിതത്തിന്റെ അറുപത്തിയൊന്നാം പടികയറുന്നു. നടന്‍ എന്ന നിലയില്‍ മലയാള സിനിയില്‍ വന്ന് , നിര്‍മാതാവ്, ഗായകന്‍ ഒടുവില്‍ സംവിധായകന്‍ എന്ന വേഷപ്പകര്‍ച്ചയിലെത്തിനില്‍ക്കുന്നു മോഹന്‍ലാല്‍. എങ്കിലും നമ്മള്‍ നമ്മളെത്തന്നെ കണ്ട കഥാപാത്രങ്ങളിലൂടെയാണ് ലാല്‍ എന്ന നടന്‍ മനസ്സുകളുടെ അധിപനായത്.

വാസ്തവത്തില്‍ നമ്മള്‍ തീയറ്ററുകളില്‍ മോഹന്‍ലാലിനെയല്ല നമ്മളെത്തന്നെ കാണുകയായിരുന്നു. ഒരുതരം തന്മയീഭാവം. ഭരതം എന്ന ചിത്രം അതിന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ നമ്മള്‍  കല്ലൂര്‍ ഗോപിനാഥനായിപ്പോകുന്നു. അയാള്‍ അനുഭവിക്കുന്ന സകല വിഹ്വലതകളും അനുഭവിക്കുന്നു. ഇതുതന്നെയാണ് മോഹന്‍ ലാലിനെ ഒരുകംപ്ലീറ്റ് ആക്ടര്‍ ആക്കുന്നത്.

തിരക്കഥാകൃത്തുകള്‍ എഴുതിവയ്ക്കുന്ന കഥാപാത്രങ്ങള്‍  ലാലിലൂടെ ജീവന്‍വയ്ക്കുന്നു... ക്രമേണ അത് നമ്മളിലേക്ക് പകരുന്നു.അങ്ങനെ നമ്മള്‍ സാഗര്‍ ഏലിയാസ് ജാക്കിയെന്ന ഡോണ്‍ ആയി. സണ്ണിയെന്ന മനഃശാസ്ത്രജ്ഞനായി.കടലിനക്കരെ ജീവിതം സ്വപ്നകാണുന്ന ദാസനായി അങ്ങനെ പലതും. പല കഥാപാത്രങ്ങളും നമ്മള്‍ പിന്നിട്ട കാലത്തിന്റെ ചരിത്രചിത്രം കൂടിയായിരുന്നു.

ഭരണകൂടത്തിനെതിരെ എഴുതുന്ന റഷീദിനെക്കണ്ട് മാത്രം ജേര്‍ണലിസ്റ്റായവരുണ്ട്. ചിലരെങ്കിലും ആരെയും കൂസാത്ത ആടുതോമയെപ്പോലെ ജീവിക്കണമെന്ന് സ്വപ്നം കണ്ടിട്ടുമുണ്ടാകാം. എസ്.ഐ ടെസ്റ്റ് എഴുതി ഫലം കാത്തിരിക്കുന്ന സേതുമാധവനെ നാം ഇന്നും നമ്മുടെ പരിസരത്തൊക്കെ കാണുന്നു. ഒരോരുത്തര്‍ക്കും അവര്‍ വിചാരിക്കുന്നയാളാണ് മോഹന്‍ലാല്‍.

ചിലകഥാപാത്രങ്ങള്‍ സ്ഥലകാലങ്ങള്‍പ്പുറം നമ്മെ കൊണ്ടുപോയി. നെരിപ്പോടുപോലെ നീറുന്ന .കഥകളിക്കരാന്‍ കുഞ്ഞിക്കുട്ടന്‍ ചെറിയൊരുദാഹരണം മാത്രം. 1978 ലാണ് ലാല്‍ സിനിമാജീവിതം തുടങ്ങിയത്. തിരകാണാത്ത തിരനോട്ടം എന്ന പടത്തിലൂടെ . അന്നുമുതല്‍ ഇന്നുവരെ ഒരോകാലഘട്ടങ്ങളിലെയും സാമൂഹ്യജീവിതത്തെ അടയാളപ്പെടുത്തുന്ന സിനിമകളും വേഷങ്ങളുമായി നമ്മോടൊപ്പം സഞ്ചാരം തുടരുന്നു ആ മനുഷ്യന്‍, അല്ല അമാനുഷന്‍. ആ അമാനുഷവേഷങ്ങളിലും നാം ഇഷ്ടപ്പെട്ടു. നമുക്ക് ചെയ്യാനാകാത്തത് ആ കഥാപാത്രങ്ങളിലൂടെ നാം സാക്ഷാത്കരിച്ചു.

കാലത്തിന് യോജിച്ച കഥയും കഥാപാത്രങ്ങളുമായി വളരെ വേഗം ലാല്‍മാറുന്നതാണ് പിന്നീട് കണ്ടത്. രണ്ടുപെണ്‍മക്കളുടെ പിശുക്കനായ അച്ഛന്‍ ജോര്‍ജുകുട്ടിയുടെ അംശം നമ്മളിലെല്ലാവരിലും ഏറിയും കുറഞ്ഞും കണ്ടേയ്ക്കാം. ഇതിനിടെ ചില മാജിക്കല്‍ റിയലിസവും ലാലിലൂടെ ആസ്വദിച്ചു. ചരിത്രത്തിന്റെ പുനരാവിഷ്കാരങ്ങളും മറക്കാവുന്നതല്ല. തിരനോട്ടം പോലെ തിരയിലെത്താത്ത കുഞ്ഞാലിമരക്കാര്‍ നമ്മെ കാത്തിരിക്കുകയാണ്.

ഈ യാത്രയ്ക്കിടെ പിന്നണിഗായകന്റെയും നിര്‍മാതാവിന്റെയുമൊക്കെ വേഷം ജീവിതത്തിലണിഞ്ഞ ലാല്‍ ഒടുവില്‍ സംവിധാകന്റെ കുപ്പായവുമണിഞ്ഞു.  ബറോസില്‍ എന്താവും ആ ലാല്‍ സ്പര്‍ശം?

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ നായരും ഭാര്യ ശാന്തകുമാരിയും ഇളയമകന് മോഹന്‍ലാല്‍ എന്ന പേരിടുമ്പോള്‍ ആ കുട്ടി ലോകത്തെമുഴുവന്‍ മോഹിപ്പിക്കുവനായി മാറുമെന്ന് കരുതിക്കാണില്ല. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍സ്കൂളിലെ ആറാം ക്ലാസുകാരനെ അറുപതുകാരനായി അഭിനയിപ്പിച്ച സംവിധായകന്‍ രാജുവും അന്ന് കരുതിക്കാണില്ല, ആ നടന്‍ അഭിനലോകത്തിന്റെ അധിപനാകുമെന്ന്, അറുപതുംകഴിഞ്ഞ് ആ കുട്ടി ഇന്നും ചരിത്രമെഴുതിക്കൊണ്ടിരിക്കുകയാണ്. നേരാം നമുക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്

MORE IN KERALA
SHOW MORE
Loading...
Loading...