പാലക്കാട് ആദിവാസികളുടെ കൃഷിയിടങ്ങളിലെ മരങ്ങള്‍ വെട്ടിനശിപ്പിച്ചു; തർക്കം

forest-action-03
SHARE

പാലക്കാട് കാഞ്ഞിരപ്പുഴ വെറ്റിലച്ചോലയില്‍ ആദിവാസികളുടെ കൃഷിയിടങ്ങളിലെ മരങ്ങള്‍ വനപാലകര്‍ വെട്ടിനശിപ്പിച്ചത് തര്‍ക്കത്തിന് കാരണമാകുന്നു. വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചതാണെന്ന് വനപാലകര്‍ അവകാശപ്പെടുമ്പോള്‍ കൃഷിയിടത്തില്‍ അതിക്രമിച്ച് കയറിയെന്നാണ് റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തല്‍. വനപാലകര്‍ക്കെതിരെ കേസെടുക്കാന്‍ ഒറ്റപ്പാലം സബ് കലക്ടർ പൊലീസിന് നിർദേശം നൽകി. 

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെറ്റിലച്ചോല ആദിവാസി കോളനിയില്‍ താമസിക്കുന്നവരുടെ കൃഷിയിടത്തിലെ മരങ്ങളാണ് വനപാലകര്‍ കഴിഞ്ഞദിവസം വെട്ടിനശിപ്പിച്ചത്. ഇരുപത് വനപാലകര്‍ ആയുധങ്ങളുമായെത്തി കമുക്, തെങ്ങ്, മാവ് എന്നിവ നശിപ്പിച്ചതായാണ് ആദിവാസികളുടെ പരാതി.

ആദിവാസികളുടെ പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ച ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ വനപാലകര്‍ക്കെതിരെ കേസെടുക്കാൻ നിർദേശം നല്‍കി. അതിക്രമിച്ചു കയറിയതിന് ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കും, ഇതിന് പുറമേ വകുപ്പുതല നടപടി ആവശ്യപെട്ട് റിപ്പോർട്ട് നല്‍കുമെന്നും സബ് കളക്ടർ പറഞ്ഞു. ഒൻപത് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 2005 നോ, അതിന് മുൻപോ യാതൊരു കൃഷിയും ചെയ്യാത്ത സ്ഥലത്ത് അതിക്രമിച്ച് കയറി നാലുവര്‍ഷം പഴക്കമുളള തൈകള്‍ വച്ച് പിടിപ്പിച്ച് അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാണ് ആദിവാസികള്‍ക്കെതിരെ വനംഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. 

1972 ൽ കാഞ്ഞിരപുഴയില്‍ ഡാം നിർമിക്കാനായി അവിടെ നിന്ന് കുടിയൊഴിപ്പിക്കപെട്ടവരാണ് ഇപ്പോള്‍ വെറ്റിലചോലയില്‍ താമസിക്കുന്നവര്‍.

MORE IN KERALA
SHOW MORE
Loading...
Loading...