‘ആത്മഹത്യയ്ക്ക് തലേന്ന് സങ്കടം പറഞ്ഞു; മകൾ ഉണരുന്നതിന് മുൻപേ വീട്ടിൽ നിന്ന് ഇറങ്ങി’

ks-swapna
SHARE

കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ കെ.എസ്.സ്വപ്ന ബാങ്കിനകത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാകുന്നു. എസ്ഐ കെ.ടി.സന്ദീപിന്റെ നേതൃത്വത്തിൽ ഇന്നലെ ബാങ്കിലെ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്ത് മൊഴി ശേഖരിച്ചു. സ്വപ്നയുടെ മൊബൈൽ ഫോണിലുള്ള കാൾ വിവരങ്ങൾ പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത വരുത്തുമെന്ന് എസ്ഐ പറഞ്ഞു.

വൈകാതെ ബാങ്കിന്റെ മേലധികാരികളെ ചോദ്യം ചെയ്യുമെന്നും തൃശ്ശൂരിൽ മണ്ണൂത്തി മുതുവറയിലുള്ള ബന്ധുക്കളെയും ചെന്നുകണ്ട് വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു. ബാങ്കിൽ ഇപ്പോൾ ഓഡിറ്റ് നടന്നുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ടും എന്തെങ്കിലും തരത്തിലുള്ള സമ്മർദം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്ഐ പറഞ്ഞു. തൊഴിൽ മേഖലയിൽ തനിക്കുള്ള സംതൃപ്തി കുറവ് വീട്ടിലെ നോട്ടുബുക്കിലും ഓഫിസിലെ ഡയറിയിലും സ്വപ്ന രേഖപ്പെടുത്തിയത് പോലെതന്നെ ആത്മഹത്യയ്ക്ക് തലേന്ന് കൂടെ വീട്ടിൽ കഴിയുന്ന മകൾ നിവേദിതയോടും പറഞ്ഞിരുന്നുവത്രേ.

കാലത്ത് മകൾ ഉണരുന്നതിന് മുൻപേ വീട്ടിൽ നിന്ന് ഇറങ്ങിയാണ് ഓഫിസിലെത്തി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. അതേസമയം ബാങ്ക് ജീവനക്കാർക്കു മേൽ പലതരത്തിലുമുള്ള സമ്മർദ‌ങ്ങളാണ് മേലധികാരികളിൽ നിന്നും ഉണ്ടാവുന്നതെന്നും ഇത്തരം സമ്മർദങ്ങളുടെ ഇരയാണ് സ്വപ്നയെന്നും ചൂണ്ടിക്കാട്ടി ബാങ്ക് ജീവനക്കാരുടെ സംഘടനയും രാഷ്ട്രീയ – യുവജന സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ജില്ലാ കേന്ദ്രങ്ങളിൽ കാനറ ബാങ്കിനു മുന്നിൽ ഇന്ന് പ്രതിഷേധ സമരം നടക്കും.

കണ്ണൂർ ജില്ലയിലെ സമരം തൊക്കിലങ്ങാടി ശാഖയ്ക്ക് മുന്നിൽ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനിൽ കുമാർ പറഞ്ഞു. കാനറ – സിൻഡിക്കറ്റ് ബാങ്കുകളുടെ ലയനത്തിന് ശേഷം രാജ്യവ്യാപകമായി ബാങ്കുകൾ പൂട്ടുകയാണ്. അശാസ്ത്രീയമായ ബാങ്കിങ് പരിഷ്കാരങ്ങൾ ജീവനക്കാരുടെ ജോലി ഇരട്ടിപ്പിക്കുകയാണെന്നും ജീവനക്കാരും ഇടപാടുകാരും ഒരുപോലെ പ്രയാസപ്പെടുകയാണെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.

English Summary: Suicide of bank manager in Kerala: probe on 

MORE IN KERALA
SHOW MORE
Loading...
Loading...