ഇടിഞ്ഞ് വീഴാറായ വീടിന്റെ കതകിന് പ്ലാവ് വെട്ടി: വീട്ടമ്മയ്ക്കെതിരെ കേസെടുത്തു

pathanamthitta-rukia-beevi-house.jpg.image.845.440
SHARE

സീതത്തോട് ∙ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടിനു കതകുണ്ടാക്കാൻ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് മരം വെട്ടിയ വീട്ടമ്മയ്ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. തടിയും പിടിച്ചെടുത്തു. കേസ് എടുക്കരുതെന്നും പിടിച്ചെടുത്ത തടി വിട്ടുതരണമെന്നും കേണപേക്ഷിച്ച വീട്ടമ്മക്കെതിരെ കേസ് എടുക്കാതെ നിർവാഹമില്ലെന്നു വനം വകുപ്പ്.

റാന്നി റേഞ്ചിലെ കണമല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിയിലെ ചരിവുകാലായിൽ റുക്കിയ ബീവിക്കാണ് ഈ ദുരവസ്ഥ.10 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയ റുക്കിയ പത്താം ക്ലാസിൽ പഠിക്കുന്ന മകളും, പ്ലസ് ടൂ കഴിഞ്ഞ മകനുമൊത്ത് കിസുമം ഐത്തല പടിക്കു സമീപം ഏതു സമയവും നിലം പൊത്താവുന്ന മുറിക്കുള്ളിലാണ് മൂവരുടെയും താമസം. മുൻ വശത്തെ കതക് ചെറുതായി അമർത്തിയാൽ തകരും. അടുക്കള വാതിൽ ചാക്ക് ഷീറ്റ് കൊണ്ടു മൂടുകയാണ് പതിവ്. കതകുകൾ നിർമിക്കാനായാണ് തടി വെട്ടിയത്.

15 വർഷത്തോളം പ്രായം വരുന്ന പ്ലാവ് സ്ഥലത്തെ യുവാക്കളുടെ സഹായത്തോടെ മുറിച്ച് കഴിഞ്ഞ ദിവസം റോഡിൽ കയറ്റി. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സർക്കാർ തടസ്സം രേഖപ്പെടുത്തുകയും കേസ് എടുക്കുമെന്ന് അറിയിക്കുകയും ചെയ്തതായി റുക്കിയാ പറയുന്നു.

തൊഴിലുറപ്പുമായി ബന്ധപ്പെട്ട് റുക്കിയക്ക് വല്ലപ്പോഴുമാണ് ജോലി. ഇതിൽ നിന്നുള്ള വരുമാനമാണ് കുടുംബം പട്ടിണി ഇല്ലാതെ കഴിയുന്നത്. കേസുമായി പോകാൻ സാമ്പത്തികമില്ലെന്നു റുക്കിയ പറയുന്നു.പട്ടയത്തിൽ പറയുന്നത് അനുസരിച്ച് മാത്രമേ മരങ്ങൾ മുറിക്കാൻ കഴിയൂ എന്ന് റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ പറഞ്ഞു. മാറ്റം വരുത്തണമെങ്കിൽ സർക്കാർ ഇടപെടൽ ഉണ്ടാകണം. അപകട ഭീഷണിയിൽ നിൽക്കുന്ന വൃക്ഷങ്ങളാണെങ്കിൽ ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

2007 വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം അനുസരിച്ച് ആഞ്ഞിലി, പ്ലാവ് അടക്കം 28 ഇനം മരങ്ങൾ മുറിക്കുന്നതിനു അനുവാദം വേണ്ട. ഇല്ലാത്ത നിയമത്തിന്റെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കുന്ന നടപടിയുമായി വനം വകുപ്പ് ഇറങ്ങിയാൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജനകീയ കർഷക സമിതി ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...