നിറവും സുഗന്ധവും പകരുന്ന ‘ബ്ലൂംസ്’; ഇത് തളരാത്ത അമ്മമാരുടെ സ്നേഹക്കൂട്ടായ്മ

bloomswb
SHARE

മലപ്പുറം തെന്നലയിലെ ബ്ലൂംസ് എന്ന കൂട്ടായ്മ പേരു പോലെ തന്നെ പുഷ്പസമാനമാണ്. അതിനോടു ചേർന്നു നിൽക്കുന്നവരുടെ ജീവിതങ്ങളിൽ സുഗന്ധവും നിറവും പകരാൻ ബ്ലൂംസിന് കഴിയുന്നുണ്ട്. ഭിന്നശേഷിക്കാരായ മക്കളെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താക്കന്മാർ ഉപേക്ഷിച്ച നാൽപതോളം വീട്ടമ്മമാരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. യാസ്മിൻ അരിമ്പ്ര എന്ന യുവതിയുടെ നിശ്ചയദാർഢ്യം ഈ അമ്മമാരുടെയെല്ലാം ജീവിതം വീണ്ടും പ്രസാദാത്മകമാക്കി. 

ഭിന്നശേഷിക്കാരായ മക്കളെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താക്കന്മാർ ഉപേക്ഷിച്ച നാൽപതോളം വീട്ടമ്മമാർ.. ഭിന്നശേഷിക്കാരായ ഈ മക്കൾക്കായി അമ്മമാർ നടത്തുന്ന ബ്ലൂംസ് സ്കൂൾ.. മക്കളെ വളർത്താനും സ്കൂൾ നടത്താനും കൃഷി ചെയ്യാൻ വീട്ടമ്മമാർ രൂപീകരിച്ച കൂട്ടായ്മ. അവർക്കു നേതൃത്വം നൽകുന്ന ജില്ലാ പഞ്ചായത്ത് അംഗമായ അവിവാഹിതയായ യുവതി... തെന്നല ബ്രാൻഡ് എന്ന പേരിൽ കുടുംബശ്രീ പ്രവർത്തകർ ഇറക്കിയ ജൈവഅരിയിലൂടെ തെന്നല പഞ്ചായത്ത് പ്രശസ്തമാണ്. യാസ്മിൻ അരിമ്പ്ര എന്ന യുവതിയാണ് കുടുംബശ്രീ അംഗങ്ങളെ കൂടെ നിർത്തി തെന്നലയെ കാർഷികഗ്രാമമാക്കിയത്. യാസ്മിൻ കുടുംബശ്രീയിൽ ചേർന്നതു 2011ൽ ആയിരുന്നു. തരിശായി കിടന്നിരുന്ന 126 ഏക്കറിൽ ഇവരു നേതൃത്വത്തിൽ കൃഷി തുടങ്ങി. ഒറ്റവർഷത്തിനിടെ, മലപ്പുറം ജില്ലയിൽ കുടുംബശ്രീ കൃഷിയിൽ ഒന്നാം സ്ഥാനത്തെത്തി തെന്നല. 2012ൽ ഫാർമേഴ്സ്ക്ലബ് രൂപീകരിച്ചു. യാസ്മിൻ മാനേജിങ് ഡയറക്ടറായി 2015ൽ തെന്നല അഗ്രോ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചു. കമ്പനിയാണ് തെന്നല ബ്രാൻഡിൽ ജൈവ അരി വിപണിയിലെത്തിച്ച് പ്രശസ്തമായത്. 

കൂടെ കൃഷി ചെയ്യുന്നവരുടെ ചെന്നപ്പോഴാണ് യാസ്മിൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്. പല വീടുകളിലും ഭിന്നശേഷിക്കാരായ മക്കൾ. പലരും പിതാക്കന്മാർ കൈവിട്ടവർ. മക്കൾ ഭിന്നശേഷിക്കാരാണെന്നറിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. ഈ അമ്മമാരെല്ലാം കുട്ടികളെ വീട്ടിലാക്കി ജോലിക്കുപോലും പോകാൻ കഴിയാതെ വിഷമിക്കുകയായിരുന്നു. 36 കുട്ടികളെ ചേർത്ത് യാസ്മിൻ ഒരു സ്കൂൾ തുടങ്ങി. അധികകാലം മുന്നോട്ടുപോയില്ല. സ്കൂൾ പൂട്ടി. സിഡിഎസ് ചെയർപഴ്സൺ ചുമതലയിൽ നിന്നു മാറിയപ്പോൾ ‘ബ്ലൂംസ്’ എന്ന പേരിട്ട് വാടകകെട്ടിടത്തിൽ സ്കൂൾ വീണ്ടും തുടങ്ങി. അധ്യാപകരുടെ ശമ്പളം, ഓട്ടോ വാടക, കെട്ടിട വാടക എന്നിവയ്ക്കായി മാസം 31,000 രൂപയെങ്കിലും വേണം. എല്ലാം പലരുടെയും സഹായത്തോടെ കണ്ടെത്തും. ചിലമാസങ്ങളിൽ ആരും സഹായിച്ചില്ലെങ്കിൽ കടംവാങ്ങും. അങ്ങനെ കടംപെരുകി വലിയ സംഖ്യയായിട്ടുണ്ടിപ്പോൾ. 

സ്കൂളിന്റെ നിലനിൽപിനായി വീട്ടമ്മമാരെല്ലാം സജീവ കൃഷിയിലാണ്. നൂറ് ഏക്കറിലേറെ നെല്ലും പച്ചക്കറിയുമുണ്ട്. യാസ്മിനും പത്ത് ഏക്കറോളം സ്ഥലത്തു കൃഷി ചെയ്യുന്നുണ്ട്. കൃഷിയിലെ വരുമാനമെല്ലാം സ്കൂളിനുവേണ്ടിയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് നന്നമ്പ്ര ഡിവിഷനിൽനിന്ന് യാസ്മിൻ ജയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിൽ ലഭിക്കുന്ന ഓണറേറിയമെല്ലാം സ്കൂളിനാണു നൽകുന്നത്. ഭിന്നശേഷിക്കാരായ മക്കളെ പ്രസവിച്ചു എന്ന പേരിൽ ഭർത്താക്കന്മാർ ഉപേക്ഷിച്ചുപോയിട്ടും ഈ വീട്ടമ്മമാർ പതറിയില്ല. മക്കളെ ഒരു വിഷമവും അറിയിക്കാതെ വളർത്തുന്നു. ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ചു മക്കളെ വളർത്തുന്നു.. പഠിപ്പിക്കുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...