ശബ്ദം ഉയർന്നാൽ കേസ്; പഞ്ചായത്ത് സെക്രട്ടറിക്ക് സിഐയുടെ ഭീഷണി; വീഡിയോ

adimali-case
SHARE

ഇടുക്കി അടിമാലി പഞ്ചായത്ത് സെക്രട്ടറിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി അടിമാലി സിഐ.  മികച്ച  പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ച കെ.എൻ.സഹജനെയാണ് അടിമാലി സിഐ സി.എസ്.ഷാരോൺ ഭീഷണിപ്പെടുത്തിയത്.  വാക്കുതർക്കത്തിനിടെ പഞ്ചായത്ത്  സെക്രട്ടറിയുടെ ശബ്ദം അമ്പത് ഡെസിബെലിന് മുകളിൽ പോയാൽ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സിഐയുടെ ദൃശ്യങ്ങൾ സമൂഹ  മാധ്യമങ്ങളിൽ വൈറലാണ്. 

ഉച്ചത്തിൽ സംസാരിച്ചാൽ കേസെടുക്കുമെന്നാണ് സിഐ ഷാരോൺ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്നത്. അടിമാലിയിലെ സ്ഥാപനത്തിന്റെ  ലൈസൻസ് പുതുക്കാൻ പഞ്ചായത്തിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വിശദീകരണം ചോദിക്കാൻ സെക്രട്ടറിയെ  വിളിച്ചു വരുത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ.

ഇത് ഇഷ്ടപ്പെടാതെ വന്നതോടെ കസേരയിൽ നിന്നും ചാടിയെണീക്കുന്ന സിഐ സഹജനെതിരെ കേസെടുക്കാൻ അലറി പറയുന്നതും കേൾക്കാം. കേസുമായി ബന്ധപ്പെട്ട സംസാരത്തിനിടെ പഞ്ചായത്ത് സെക്രട്ടറി തന്റെ അനുവാദം ഇല്ലാതെ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോയെന്നാണ് സിഐയുടെ വാദം. യുവതിയുടെ പരാതിയിൽ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതൂകൂടാതെ പൊലീസിനോട് മോശമായി പെരുമാറിയെന്ന  വകുപ്പും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. താൻ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ  പരിശോധിച്ചാൽ കാര്യം വ്യക്തമാകുമെന്നും സഹജൻ പറഞ്ഞു. അതേസമയം, സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം  പാസാക്കി. കേസിൻ്റെ അന്വേഷണം ഇടുക്കി ഡിവൈഎസ്പിക്ക് കൈമാറി.

MORE IN KERALA
SHOW MORE
Loading...
Loading...