‘പി.സി. വിഷമുള്ള മാലിന്യം’; ആ പൊന്നാട കത്തിക്കും: യൂത്ത് കോണ്‍ഗ്രസ്; റിജിലിന് കയ്യടി

p-c-george-youth-congress
SHARE

യുഡിഎഫ് ഒപ്പം കൂട്ടില്ലെന്ന് ഉറപ്പായതോടെ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളെ അപഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി.സി ജോർജ്. വീണ്ടും എൻഡിഎയുമായി ചേർന്ന് മൽസരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. ഇതോടെ സമൂഹമാധ്യമങ്ങളിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും ചർച്ചയാകുന്നത് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ നിലപാടാണ്. പി.സി ജോർജ് അണിയിക്കാൻ ഒരുങ്ങിയ പൊന്നാട വേണ്ടെന്ന് പറഞ്ഞ​ റിജിലിന് ഇപ്പോൾ ലഭിക്കുന്നത് കയ്യടിയാണ്. വിയോജിപ്പോടെ പൊന്നാട സ്വീകരിച്ച നേതാക്കളും ഇപ്പോൾ പുതിയ തീരുമാനം എടുത്തു. പി.സി അണിയിച്ച പൊന്നാട പി.സി ജോർജിന്റെ കോലത്തിൽ തന്നെ അണിയിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് സമരപന്തലിന് മുന്നിലിട്ട് കത്തിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിച്ചു.

റിജിലിന്റെ കുറിപ്പ്: പി.സി ജോർജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം  ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാർ എംഎൽഎ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ  പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

റിയാസ് മുക്കോളിയുടെ കുറിപ്പ് ഇങ്ങനെ: രണ്ട് ദിവസം മുമ്പാണ് പൂഞാർ എംഎൽഎ പി.സി ജോർജ് യൂത്ത് കോൺഗ്രസ്സിന്റെ നിരാഹാര സമര പന്തലിൽ എത്തിയത്. ഈ സമരത്തിന്റെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് വന്ന ഒരാൾ എന്ന നിലക്ക് സംഘാടക സമിതി അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കുകയും ചെയ്തു, പ്രസംഗ ശേഷം നിരാഹാരമിരിക്കുന്ന ഞങ്ങളെ ഷാൾ അണിയിക്കാൻ വരുകയും ഞാനും നുസൂറും ഷാൾ സ്വീകരിക്കുകയും, റിജിൽ നിരസിക്കുകയും ചെയ്തു. വിയോജിപ്പുകളോടെ സ്വീകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.

നമ്മുടെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് സമര പന്തലിലേക്ക് കടന്നുവന്ന ഒരാളെ പൂർണ്ണമായ് തിരസ്കരിക്കാതെ ഒരു പൊതുവിഷയത്തിൽ സ്വീകരിക്കേണ്ട ജനാധിപത്യ പരമായ ഒരു സമരമര്യാദ മാത്രമാണ്  ഞങ്ങൾ സ്വീകരിച്ചത്.അദ്ദേഹത്തിന്റെ ആദരം സ്വീകരിച്ചതിന് സമരത്തിന്റെ മുദ്രാവാക്യത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളു.അദ്ദഹം കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണെന്നും, സന്ദർഭത്തിനനുസരിച്ച്  വർഗ്ഗീയ നിലപാടുകൾ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്നും കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്.

ദിനംപ്രതി അത് കൂടിക്കൂടി വരികയുമാണ് ഇന്നും അദ്ദേഹം വില കുറഞ്ഞ പ്രസ്താവനകളുമായ് വളരെ മോശം ഭാഷയിൽ സംസാരിച്ചിരിക്കുകയാണ്

ആദിത്യമര്യാദക്ക് പോലും അയാൾ അർഹനല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തുകയാണ്.അയാൾ ഞങ്ങളെ അണിയിച്ച പൊന്നാട പി.സി ജോർജിന്റെ കോലത്തിൽ തന്നെ അണിയിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് സമര പന്തലിൽ വെച്ച് അത് കത്തിക്കുന്നു.

റിയാസ് മുക്കോളി

MORE IN KERALA
SHOW MORE
Loading...
Loading...