എറണാകുളത്ത് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം; സ്വാധീനമുറപ്പിക്കാന്‍ ട്വന്റിട്വന്റിയും

congress
SHARE

തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി. ആറിടങ്ങളിലെങ്കിലും പുതുമുഖങ്ങളെ മല്‍സരംഗത്തിറക്കാനാണ് സിപിഎം തീരുമാനം. എസ്.ശര്‍മയ്ക്ക് പകരം സി.എന്‍.മോഹനന്‍ വൈപിനില്‍ മല്‍സരിച്ചേക്കും. ഇബ്രാഹിം കുഞ്ഞിനെ മല്‍സരിപ്പിക്കുന്നതില്‍ യുഡിഎഫിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്വന്റിട്വന്റി കൂട്ടായ്മ.

ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം, സ്ഥാനാര്‍ഥികളെ തീരുമാനിക്കണം, അടിത്തട്ടുമുതല്‍ പ്രചാരണം കൊഴുപ്പിക്കണം,  പരമാവധി വോട്ടുകള്‍ പിടിക്കണം.

അണികള്‍ക്കും നേതാക്കള്‍ക്കും ഇനി ഉറക്കമില്ലാത്ത ദിനങ്ങളാണ്. സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കേണ്ട സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കാന്‍ ഇടതുമുന്നണി യോഗങ്ങള്‍ പുരോഗമിക്കുകയാണ്. ഇളവുകള്‍  ലഭിച്ച് ആറ് തവണ നിയമസഭയിലെത്തിയ എസ്.ശര്‍മ മല്‍സരരംഗത്തുനിന്ന് മാറിയേക്കും വൈപിനില്‍ 

ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്റെ പേരിനാണ് ഊന്നല്‍. സിപിഎം മല്‍സരിക്കുന്ന 11 സീറ്റുകളില്‍ ആറിടങ്ങളിലെങ്കിലും പുതുമുഖങ്ങളെ നിര്‍ത്താനാണ് ധാരണ. 

കിഴക്കന്‍ മേഖലയിലെ മണ്ഡലങ്ങളില്‍  കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക. 

യുഡിഎഫിന് ആധിപത്യമുള്ള മണ്ഡങ്ങളാണ് ജില്ലയിലേറെയും. സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മല്‍സരിച്ചാല്‍  തൃക്കാക്കരയും,  പറവൂരും, അങ്കമാലിയും ആലുവയുമൊന്നും പുതുമുഖങ്ങള്‍ വരില്ല. കളമശേരിയില്‍ തീരുമാനം മാറിയേക്കാം. മണ്ഡലത്തില്‍ സജീവമാണെങ്കിലും ഇബ്രാഹിം കുഞ്ഞ് വീണ്ടും മല്‍സരിക്കുന്നതിനെതിരെ ലീഗിനകത്തും മുന്നണിക്കകത്തും മുറുമുറുപ്പുണ്ട്. 

കഴിഞ്ഞ തവണ അടിപതറിയെങ്കിലും മൂവാറ്റുപുഴ നിലനിര്‍ത്താനുള്ള നീക്കത്തിലാണ് ജോസഫ് വാഴയ്ക്കന്‍. മൂവാറ്റുപുഴയിലും കോതമംഗംലത്തും പെരുമ്പാവൂരുമെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തെ സഭാതര്‍ക്കം സ്വാധീനിക്കും.ഈ. ശ്രീധരന്‍ താമരവിരിയിക്കാന്‍ തൃപ്പൂണിത്തുറയിലെത്തിയാല്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പോരാട്ടമായിരിക്കും. ട്വന്റി ട്വന്റി നിയമസഭയില്‍ ഇരിപ്പിടം ഉറപ്പിച്ചാല്‍ ചരിത്രമാവുമത്. കുന്നത്തുനാട് മണ്ഡലത്തിലും മറ്റ് ചില മണ്ഡലങ്ങളിലും ട്വന്റി ട്വന്റി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും.   

MORE IN KERALA
SHOW MORE
Loading...
Loading...