ആവേശത്തിരയായ് കടലിൽ രാഹുൽ ഗാന്ധി; 'തിരയുയരും പോലെ'

Rahul-Gandhi-8.JPG.image.845.440
SHARE

തിരയുയരും പോലെയായിരുന്നു തീരത്തിന്റെ ആവേശം. മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ, ഇതാദ്യമായി ഒരു ദേശീയ നേതാവ്. വെള്ളത്തിൽ നീന്തി  വലയിടാനും വള്ളം നിയന്ത്രിക്കാനും ഭക്ഷണം പാകം ചെയ്യാനും ഒടുവിൽ വലക്കണ്ണികളിൽപ്പെട്ട മീൻ തിരയാനും ഒപ്പം കൂടി രാഹുൽ ഗാന്ധി.

അതീവരഹസ്യമായി പുലർച്ചെ 5 മണിയോടെയാണു രാഹുൽ കൊല്ലം വാടി കടപ്പുറത്ത് എത്തിയത്. ഹോട്ടൽ മുറിയിൽനിന്നു പുറപ്പെടുമ്പോൾ ഒപ്പം എംപിമാരായ കെ.സി വേണുഗോപാലും ടി.എൻ പ്രതാപനും. പ്രൈവറ്റ് സെക്രട്ടറി അലങ്കാർ സവായ് ഡ്രൈവറായി. നിർബന്ധം കാരണം സുരക്ഷാഭടന്മാരിൽ 2 പേരെ ഒപ്പം കൂട്ടി.

പ്രതാപന്റെ സുഹൃത്തിനു കടലിൽ പോകാനെന്നു പറഞ്ഞാണു വാടിയിൽ വള്ളം ഒരുക്കിയിരുന്നത്. നീല ടീഷർട്ടും ട്രാക്ക് സ്യൂട്ടും ധരിച്ച ആ ‘സുഹൃത്ത്’ രാഹുൽ ഗാന്ധിയാണെന്നു മത്സ്യത്തൊഴിലാളികൾ തിരിച്ചറിഞ്ഞതു മാസ്ക് മാറ്റിയപ്പോൾ. ആദ്യത്തെ അമ്പരപ്പ് പിന്നെ ആവേശമായി. ‘പൂണ്ടി മാതാ’ എന്ന ചെറുവള്ളത്തിൽ സംഘം കടലിലേക്കിറങ്ങി. പിന്നീടു വലിയ വള്ളത്തിലേക്ക്.

ആറരയോടെ വലയിട്ടു തുടങ്ങി. ആ സമയം എൻജിൻ നിയന്ത്രിച്ചതു രാഹുൽ. വിവരമറിഞ്ഞു പാഞ്ഞെത്തിയ പൊലീസ് ഉദ്വേഗത്തിന്റെ മുൾമുനയിൽ നിൽക്കെ, തീരത്തുനിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ ആഴക്കടലിൽ ഇരുപതിലേറെ മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ വലയിടുന്ന തിരക്കിലായിരുന്നു.

rahul-kollam-sea

റിങ് വല നേരെയാക്കാൻ തൊഴിലാളികൾ കടലിൽ ചാടിയപ്പോൾ രാഹുലും ഒപ്പം ചാടി. തടയാൻ ശ്രമിച്ചവരോടു പ്രൈവറ്റ് സെക്രട്ടറി അലങ്കാർ സവായ് പറഞ്ഞു: ‘ഒരു കുഴപ്പവുമില്ല, ആൾ സ്കൂബ ഡൈവിങ് വിദഗ്ധനാണ്.’

കരയുണ്ട്, കയ്യകലെ... കൊല്ലം വാടി കടപ്പുറത്തു നിന്ന് മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ എത്തിയ രാഹുൽ ഗാന്ധി നേരെയാക്കാനായി കടലിൽ ഇറങ്ങിയപ്പോൾ. പുലർച്ചെ അഞ്ചിന് കടപ്പുറത്തെത്തിയ രാഹുൽ തുടർന്ന് 3 മണിക്കൂറോളം മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചെലവഴിച്ചു.

വള്ളത്തിൽ പ്രഭാത ഭക്ഷണം തയാറാക്കാൻ രാഹുലും സഹായിച്ചു. കേരച്ചൂര മുളകിട്ടു വച്ച ‘വള്ളക്കറി’യും ബ്രെഡും തൊഴിലാളികൾക്കൊപ്പമിരുന്നു കഴിക്കുന്നതിനിടെ രാഹുൽ പറഞ്ഞു: ‘മീൻ പാകം ചെയ്തു മുന്നിലെത്തുമ്പോൾ നിങ്ങളുടെ അധ്വാനത്തെക്കുറിച്ച് ആരെങ്കിലും ഓർക്കുന്നുണ്ടോ?’ തങ്ങൾക്ക് ആശ്രയമായ കടൽ സമ്പത്ത് ശുഷ്കമാകുന്നെന്ന സങ്കടം കേട്ട് രാഹുൽ തൊഴിലാളികളെ തോളിൽത്തട്ടി ചേർത്തുപിടിച്ചു. പിന്നീട്, വല വലിക്കാനും കൂടി.

rahul-sea-jump

വലയിൽ അൽപം കണവ മാത്രമെന്നു കണ്ടപ്പോൾ രാഹുൽ പറഞ്ഞു: ‘ഞാൻ കരുതി ഒരുപാട് മത്സ്യം ലഭിക്കുമെന്ന്. നിങ്ങൾ നേരിടുന്ന പ്രശ്നം എനിക്കു മനസ്സിലായി. നിങ്ങളുടെ കഠിനാധ്വാനത്തെ ഞാൻ ആരാധിക്കുന്നു. എന്നും കൂടെയുണ്ടാകും.’ 8 മണിയോടെ മടങ്ങിയെത്തിയ രാഹുലിനെ തീരം ഹൃദയത്തോടു ചേർത്തു വരവേറ്റു.

എന്നും കൂടെയുണ്ടാകും: രാഹുൽ

കൊല്ലം ∙ മത്സ്യത്തൊഴിലാളികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എന്നും കൂടെ നിൽക്കുമെന്നും അവരുടെ അധ്വാനത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി. മത്സ്യമേഖലയുടെ ദുരിതങ്ങൾ നേരിട്ടറിയാൻ തൊഴിലാളികൾക്കൊപ്പം നടത്തിയ കടൽയാത്രയ്ക്കു ശേഷം തങ്കശ്ശേരി കടപ്പുറത്തു നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

rahul-sea-fisherman

 മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിഷമങ്ങളെക്കുറിച്ച്  നാളുകളായി കേൾക്കുന്നുണ്ടായിരുന്നു. അതു തന്റെ കണ്ണുകൾ കൊണ്ടു കാണാനും അനുഭവിക്കാനുമാണു കടലിൽപോയത്. മത്സ്യത്തൊഴിലാളികൾ ദിവസവും അനുഭവിക്കുന്ന ദുരിതം നേരിട്ടറിഞ്ഞ നിമിഷമായിരുന്നു അത്. ഇന്ധനവില പ്രതിദിനം വർധിക്കുകയാണ്. ഈ ദുരിതകാലത്തും മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാനാണു സർക്കാർ ശ്രമം. യുപിഎ സർക്കാർ അധികാരത്തിലെത്തുമ്പോൾ മത്സ്യമേഖലയ്ക്കായി ഒരു സ്വതന്ത്ര മന്ത്രാലയം രൂപീകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

MORE IN KERALA
SHOW MORE
Loading...
Loading...