‘കേന്ദ്ര ഏജന്‍സികളുടെ ചൂട് കോണ്‍ഗ്രസും അറിയട്ടെ’; സോളർ സിപിഎമ്മിന് പൊള്ളുമോ?

solar-case-pinarayi-oommmen
SHARE

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സോളര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്നും ഇത് ചെലവാകില്ലെന്നും കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ സോളര്‍ കേസ് ഉപയോഗിച്ച് വേട്ടയാടുന്നെന്നാണ് വിമര്‍ശനം. സര്‍ക്കാരിന്‍റേത് രാഷ്ട്രീയനാടകമെന്ന് ബിജെപിയും വിമര്‍ശിച്ചു. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട്. പ്രത്യേകിച്ച് പ്രചാരണം നടത്തേണ്ട കാര്യമില്ലെന്നും സോളര്‍ കേസ് ജനം മറന്നിട്ടില്ലെന്നും സിപിഎം പറയുന്നു. 

വേങ്ങര ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച സോളര്‍ കേസ് അന്വേഷണം എവിടെയുമെത്താതെ വന്നപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ പൊടിതട്ടിയെടുക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സര്‍ക്കാരിന്‍റേത് തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ എതിര്‍ക്കുന്ന കേന്ദ്രഏജന്‍സികളെ അന്വേഷണം ഏല്‍പ്പിച്ചതെന്തെന്നും പ്രതിപക്ഷം ചോദിക്കുന്നു. പരാതിക്കാരുടെ വിശ്വാസ്യതയും അവര്‍ ചോദ്യം ചെയ്യുന്നു. സിപിഎം–ബിജെപി കൂട്ടുകെട്ടിന് തെളിവാണ് സര്‍ക്കാര്‍ തീരുമാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സോളര്‍ കേസല്ല, വികസനം പറഞ്ഞാണ് വോട്ടുപിടിക്കാന്‍ പോകുന്നതെന്ന് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടിയെ അന്വേഷണപരിധിയിലാക്കുന്നത് സിപിഎമ്മിനും താല്‍പര്യമുള്ള കാര്യമാണ്. സ്വര്‍ണക്കടത്ത്, ലൈഫ് കേസുകള്‍ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പാലാരിവട്ടം പാലം, സ്വര്‍ണനിക്ഷേപതട്ടിപ്പ് എന്നിവയെക്കാള്‍ മൂര്‍ച്ച സോളര്‍ ആരോപണങ്ങള്‍ക്കുണ്ടെന്നും ചിന്തയുണ്ട്. അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പരാതിക്കാരി ആവശ്യപ്പെട്ടതുപ്രകാരമാണ് സിബിഐ അന്വേഷണമെന്നുമാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇതുവരെ നടപടിയെടുക്കാത്തതെന്താണ് എന്നല്ലേ പ്രതിപക്ഷം ഇത്രയും നാളും ചോദിച്ചുകൊണ്ടിരുന്നതെന്നും സിപിഎം ചോദിക്കുന്നു. 

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്‍റെ ചൂട് സോളര്‍ കേസ് വഴി കോണ്‍ഗ്രസും അറിയട്ടെയെന്നും സിപിഎം കരുതുന്നു. എന്നാല്‍ സോളര്‍ കേസിലേക്ക് ചര്‍ച്ചകള്‍ ചുരുങ്ങുന്നത് തിരിച്ചടിക്കുമോയെന്ന ചിന്തയും സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്.  

MORE IN KERALA
SHOW MORE
Loading...
Loading...